X

ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളുടെ നിയന്ത്രണം കലക്ടറേറ്റുകളില്‍ നിന്നു എടുത്തുമാറ്റുന്നു

തിരുവനന്തപുരം: ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളുടെ നിയന്ത്രണം ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും എടുത്തുമാറ്റുന്നു. കലക്ടറേറ്റുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ന്യൂനപക്ഷ സെല്ലിനാണ് നിലവില്‍ കോച്ചിംഗ് സെന്ററുകളുടെ ചുമതല. എന്നാല്‍ പ്രതിമാസ റിപ്പോര്‍ട്ടും മറ്റും കലക്ടറേറ്റുകളെ അറിയിക്കേണ്ടതില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം ന്യൂനപക്ഷ ഡയറക്ടറേറ്റ് കോച്ചിംഗ് സെന്ററുകള്‍ക്ക് നിര്‍ദേശം നല്‍കി.

കലക്ടറേറ്റുകളിലെ ജൂനിയര്‍ സൂപ്രണ്ടും സെക്ഷന്‍ ക്ലാര്‍ക്കും അടങ്ങുന്ന സംഘം മാസത്തിലൊരിക്കല്‍ കോച്ചിംഗ് സെന്ററുകളിലെത്തി രേഖകള്‍ പരിശോധിക്കുകയും ഉദ്യോഗാര്‍ത്ഥികളോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഹാജര്‍ റജിസ്റ്ററും ഡെയ്‌ലി പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടും അടക്കം പരിശോധിച്ച് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കിയിരുന്ന കലക്ടറേറ്റുകളെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതോടെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൂടി അവതാളത്തിലാവുകയാണ്.
ആലപ്പുഴ കോച്ചിംഗ് സെന്ററില്‍ പരിശോധനക്കെത്തിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല.
പ്രതിദിന ഹാജരും വിവരങ്ങളും എല്ലാദിവസവും വൈകിട്ട് കലക്ടറേറ്റിലേക്ക് ഇ മെയില്‍ ചെയ്യണമെന്ന നിര്‍ദേശവും ആലപ്പുഴയിലെ കോച്ചിംഗ് സെന്റര്‍ പാലിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സെന്ററിന് രേഖകള്‍ ഹാജരാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ കോച്ചിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കലക്ടറേറ്റിന് നല്‍കേണ്ടതുണ്ടോയെന്ന് ആലപ്പുഴയിലെ പ്രിന്‍സിപ്പല്‍ വകുപ്പിനോട് എഴുതി ചോദിക്കുകയും നല്‍കേണ്ടില്ലെന്ന മറുപടി ലഭിക്കുകയുമായിരുന്നു. ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിര്‍ദേശ പ്രകാരമാണ് കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനരീതി മാറ്റിയതെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് 16 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളാണുള്ളത്. ഇവിടത്തെ പ്രിന്‍സിപ്പല്‍മാരില്‍ പലരും കൃത്യമായി ഹാജരാകാറില്ലെന്ന പരാതി നിലനില്‍ക്കുന്നു. ഇവിടങ്ങളില്‍ പരിശോധന കൂടി ഇല്ലാതാകുന്നതോടെ കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം താളം തെറ്റും. മാത്രമല്ല, വിവിധ ന്യൂനപക്ഷ പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റുകളെ സഹായിക്കലും പ്രിന്‍സിപ്പല്‍മാരുടെ ചുമതലയാണ്. കോച്ചിംഗ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് കലക്ടറേറ്റുമായി യാതൊരു ബന്ധവുമില്ലാതാകുന്നതോടെ ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പിച്ച് പൂര്‍ണമായും നിലക്കും.
ആലപ്പുഴയിലെ കോച്ചിംഗ് സെന്ററിനെ കുറിച്ചാണ് കൂടുതല്‍ പരാതിയുയര്‍ന്നിട്ടുള്ളത്. ഇവിടത്തെ പ്രിന്‍സിപ്പലിന്റെ കാലാവധി മെയ് 24ന് അവസാനിച്ചതാണ്. യോഗ്യരായ അപേക്ഷകരുണ്ടായിട്ടും പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് നല്‍കാതെ തന്നെ കാലാവധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ തുടരുകയാണ്. കോച്ചിംഗ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാരിലേറെയും സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പെടെയുള്ള നേതാക്കളാണ്. ഇവരുടെ ശമ്പളം ഈമാസം മുതല്‍ 25000 രൂപയില്‍ നിന്ന് 41,750 ആയി ഉയര്‍ത്തിയിട്ടുണ്ട്.

chandrika: