X

അവധി കഴിഞ്ഞ് സര്‍വീസില്‍ തിരികെയെത്തും: ജേക്കബ് തോമസ്

തിരുവനന്തപുരം: അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമാക്കി മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ്. ജൂണ്‍ 17ന് അവധി പൂര്‍ത്തിയാകുമ്പോള്‍ സര്‍വീസില്‍ പ്രവേശിക്കും. അഴിമതിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പാറ്റൂര്‍ കേസിലെ 12 പക്ഷപാതിത്വങ്ങള്‍ പുസ്തകത്തില്‍ എഴുതി. എന്നാല്‍ ഇത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പാറ്റൂരില്‍ കെടുകാര്യസ്ഥത ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതു ചുമതലയിലേക്കാണ് തിരികെയെത്തുക എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം ഇനിയും ആയിട്ടില്ലെന്നാണ് സൂചനകള്‍. പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാര്‍ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. അതേസമയം, പുസ്തക വിവാദത്തില്‍ കുടുങ്ങിയ ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകില്ലെന്നാണ് സൂചനകള്‍. കഴിഞ്ഞ നവംബറില്‍ തന്നെ ജേക്കബ് തോമസ് പുസ്തക രചനയെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പോയത്. ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് വന്നതോടെ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്‍സ് മേധാവി സ്ഥാനം നല്‍കുകയായിരുന്നു.

chandrika: