X
    Categories: MoreViews

കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര: കര്‍ഷക സമരം പിന്‍വലിച്ചു

മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ 11 ദിവസമായി നടത്തി വന്ന സമരത്തിന് പരിസമാപ്തി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. സമരക്കാരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചില ഉപാധികളോടെയാണ് കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമായത്.

കടക്കെണി മൂലം ഈ വര്‍ഷം മാത്രം എഴുന്നൂറോളം കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. കടം എഴുതിത്തളളല്‍ തീരുമാനത്തിന്റെ ഭാഗമായി ചെറുകിട കര്‍ഷകരുടെ വായ്പകള്‍ ഉടന്‍ എഴുതിത്തള്ളും. മറ്റു കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിന്റെ മാനദണ്ഢങ്ങള്‍ തീരുമാനിക്കുന്നതിന് മന്ത്രിമാരെയും സമരത്തിന് നേതൃത്വം നല്‍കിയ കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പ്രത്യേക പാനലിന് രൂപം നല്‍കും.

കിസാന്‍ ക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തിലാണ് സമരം നടന്നിരുന്നത്്. ജൂലൈ 24നു മുന്‍പ് വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ട്രൈന്‍ തടയല്‍, മന്ത്രിമാരുടെ പൊതുപരിപാടികള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന നിലപാടിലായിരുന്നു സമരക്കാര്‍. ഇതോടെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരുടെ പ്രത്യേക പാനലിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രൂപം നല്‍കി. സമരമുഖത്തുള്ള നേതാക്കളുമായി മന്ത്രിമാരുടെ പാനല്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായകമായ തീരുമാനമുണ്ടായത്.

chandrika: