X
    Categories: indiaNews

കോവിഡ് വന്നാല്‍ മമതയെ കെട്ടിപ്പിടിക്കുമെന്ന പരാമര്‍ശം: അനുപം ഹസ്രക്കെതിരെ കേസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് ബാധിച്ചാല്‍ ആദ്യം പോയി മമത ബാനര്‍ജിയെ കെട്ടിപിടിക്കുമെന്നായിരുന്നു അനുപത്തിന്റെ പരാമര്‍ശം. ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര ഞായറാഴ്ച്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിവാദ പ്രസ്താവന നടത്തിയത്.

പരാമര്‍ശം വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നും പകര്‍ച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭയാര്‍ഥി സെല്‍ സിലിഗുരി പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ്.

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തത്.എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പ്രവര്‍ത്തകര്‍ കോവിഡിനേക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമാണ് പ്രതികരിച്ചത്.

കോവിഡ് ബാധിക്കുകയാണെങ്കില്‍ താന്‍ പോയി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നും അവര്‍ക്ക് രോഗം വന്നാല്‍ മാത്രമേ ഈ മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകൂ എന്നുമാണ് ഹസ്ര പറഞ്ഞത്. പരാമര്‍ശം പിന്നീട് വിവാദമാവുകയായിരുന്നു.

chandrika: