X

ബി.ജെ.പി നേതാവ് അണ്ണാമലൈക്കെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസ്‌

തമിഴ്‌നാട്ടില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കന്യാമറിയത്തിന്റെ രൂപത്തില്‍ മാലയിടാന്‍ ചെല്ലുകയും വിശ്വാസികളുമായി തര്‍ക്കിക്കുകയും ചെയ്ത സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ കേസ്. മതസ്പര്‍ധ വളര്‍ത്തിയതിനാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 153 (എ), 504, 505 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ധര്‍മപുരി ജില്ലയിലെ ബൊമ്മിഡി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കാര്‍ത്തിക് എന്ന വിശ്വാസിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം, തന്റെ റാലിക്കിടെ അണ്ണാമലൈ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമയില്‍ ബലം പ്രയോഗിച്ച് മാല ചാര്‍ത്താന്‍ ശ്രമിച്ചിരുന്നു.

പാപ്പിറെഡ്ഡിപ്പട്ടി ഗ്രാമത്തില്‍ അണ്ണാമലൈയുടെ എന്‍ മന്‍, എന്‍ മക്കള്‍ യാത്ര എത്തിയപ്പോഴായിരുന്നു സംഭവം. മണിപ്പൂരിലെ വംശീയ അതിക്രമത്തില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി നേതാവ് ചര്‍ച്ചിലെത്തിയത്. എന്നാല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലെ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്ത് പ്രതിഷേധക്കാര്‍ അണ്ണാമലൈയെ തടഞ്ഞു.

ബിജെപി പുറത്തുപോവുക എന്ന മുദ്രാവാക്യവും അവര്‍ ഉയര്‍ത്തി. മണിപ്പൂര്‍ സംഘര്‍ഷത്തിലെ ബിജെപി നിലപാടും ചര്‍ച്ചുകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരായ ആക്രമണവും ചൂണ്ടിക്കാട്ടിയാണ് വിശ്വാസികള്‍ അണ്ണാമലൈയ്ക്കും സംഘത്തിനുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ”ഞങ്ങളെപ്പോലുള്ള ക്രിസ്ത്യാനികള്‍ മണിപ്പൂരില്‍ കൊല്ലപ്പെട്ടു. അവര്‍ ഞങ്ങളുടെ ആളുകളെ കൊന്നു. അവര്‍ ഞങ്ങളുടെ പള്ളികള്‍ നശിപ്പിച്ചു. ഇത് ഞങ്ങളുടെ പുണ്യഭൂമിയാണ്. നിങ്ങള്‍ക്ക് ഈ രൂപത്തില്‍ മാലയിടാന്‍ കഴിയില്ല”- പ്രതിഷേധക്കാര്‍ പറഞ്ഞു. ”നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ ക്രിസ്ത്യന്‍ ജനതയെ കൊന്നത്?”- എന്നും നിരവധി പ്രതിഷേധക്കാര്‍ ചോദിച്ചു.

എന്നാല്‍, മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ പ്രശ്നമല്ല ഇതെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ഡിഎംകെക്കാരെപ്പോലെ സംസാരിക്കരുത് എന്നും വിശ്വാസികളോട് അണ്ണാമലൈ പറഞ്ഞു. തങ്ങള്‍ ഡിഎംകെയുടെ ഭാഗമല്ലെന്ന് അവര്‍ മറുപടി നല്‍കുകയും തുടര്‍ന്ന് ബി.ജെ.പി നേതാവും വിശ്വാസികളും തമ്മില്‍ വാക്കേറ്റം കടുക്കുകയും ചെയ്തിരുന്നു.

മണിപ്പൂരില്‍ അധികാരത്തിലിരിക്കുന്നത് ബിജെപിയാണെന്നും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതും ചര്‍ച്ചുകള്‍ തകര്‍ക്കുന്നതും തടയാന്‍ അവര്‍ ഒന്നും ചെയ്തില്ലെന്നും വിശ്വാസികള്‍ അണ്ണാമലൈയോട് പറഞ്ഞു. ഒടുവില്‍, രൂക്ഷമായ വാക്കേറ്റത്തിന് ശേഷം പിരിഞ്ഞുപോകാന്‍ പൊലീസ് സമരക്കാരെ നിര്‍ബന്ധിക്കുകയും അണ്ണാമലൈയ്ക്ക് മാല ചാര്‍ത്താന്‍ സൗകര്യമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വാസികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

 

 

webdesk13: