X

3.81 കോടി രൂപയുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തില്‍ എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഇഎസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തിയെന്ന എംഇഎസ് അംഗത്തിന്റെ പരാതിയിലാണ് കേസ്. നടക്കാവാണ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ ആളാണ് പരാതി നല്‍കിയതെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ഫസല്‍ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് എംഇഎസ് അംഗം നവാസിന്റെ പരാതി. പുതിയ ഓഫീസ് മന്ദിരവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും നിര്‍മിക്കാനെന്ന പേരില്‍ സ്ഥലം വാങ്ങുകയും വില്‍പന നടത്തുകയും ചെയ്ത് എംഇഎസിന്റെ പണം വകമാറ്റി ചെലവഴിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു.

എംഇഎസിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് എക്‌സിക്യൂട്ടീവ്, ജനറല്‍ ബോഡി എന്നിവയുടെ അനുവാദം വാങ്ങാതെ 3.70 കോടി രൂപ കൈമാറി എന്നും പരാതിക്കാരന്‍ പറയുന്നു. ഈ തുക റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടാര്‍സ് ഡെവലപ്‌മെന്റ് ആയി ബന്ധപ്പെട്ട് ഫസല്‍ ഗഫൂര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് ആരോപണം.

ഫസല്‍ ഗഫൂറിന്റെ മകന്‍ മാനേജിംഗ് ഡയറക്ടറായ കമ്പനിക്ക് എംഇഎസിന്റെ ഫണ്ട് ചട്ടം ലംഘിച്ച് കൈമാറിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഫെയര്‍ ഡീല്‍ ഹെല്‍നെസ് സൊലൂഷന്‍ എന്നുപറയുന്ന കമ്പനിക്ക് 11,62,500 രൂപയും എംഇഎസ് അക്കൗണ്ടില്‍ നിന്ന് പോയിട്ടുണ്ട്. ഇതും എംഇഎസ് എക്‌സിക്യൂട്ടീവും ജനറല്‍ബോഡിയും അറിയാതെയാണ് നടന്നത്. ടാര്‍സ് ഡെവലപ്പേഴ്‌സിന് നല്‍കിയ 3 കോടി 70 ലക്ഷം രൂപ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വ്യത്യസ്ത ഗഡുക്കളായി അക്കൗണ്ടില്‍ തിരികെ വന്നിട്ടുണ്ട്. എന്നാല്‍ ഈ സമയം സ്ഥലങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിലൂടെ ഫസല്‍ ഗഫൂര്‍ അന്യായമായ ലാഭമുണ്ടാക്കി എന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടക്കാവ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണമെന്നും എംഇഎസ്സിന് വേണ്ടി കെട്ടിടം പണിയാന്‍ ഭൂമി വാങ്ങാനാണ് പണം ഉപയോഗിച്ചതെന്നുമാണ് ഫസല്‍ഗഫൂറിന്റെ വിശദീകരണം.

 

Test User: