X

വാഹനത്തില്‍ നിന്നും കുഞ്ഞ് താഴെവീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസ്

മൂന്നാര്‍: മൂന്നാറില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് കുഞ്ഞ് താഴെ വീണുപോയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. കമ്പിളിക്കണ്ടം സ്വദേശികളാണ് ഇവര്‍. ജുവൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ് എടുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

പഴനിയില്‍ പോയി മടങ്ങി വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാഹനത്തില്‍ നിന്ന് കുഞ്ഞ് താഴെ വീഴുകയായിരുന്നു. എന്നാല്‍ കുഞ്ഞ് വഴിയില്‍ വീണുപോയ വിവരം അറിയുന്നത് വീടെത്തിയതിന് ശേഷമാണ്. രാജമല ചെക്‌പോസ്റ്റിന് സമീപം നടന്ന അപകട ശേഷം കുഞ്ഞ് ഇഴഞ്ഞ് ചെക്‌പോസ്റ്റിലെത്തിയപ്പോഴാണ് വനപാലകര്‍ വിവരം അറിയുന്നതും പൊലീസിനെ ഏല്‍പ്പിക്കുന്നതും.

മുഖത്ത് നിസ്സാര പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആസ്പത്രിയിലാക്കിയിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആസ്പത്രിയില്‍ എത്തി കുഞ്ഞിനെ വീണ്ടെടുക്കുന്നത്.

chandrika: