X

വിസ്മയ കേസ്; കിരണ്‍ കുമാറിന്റെ ശിക്ഷാവിധി ഇന്ന്

വിസ്മയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഇന്ന് വിധിക്കും. പതിന്നൊന്ന് മണിയോടെ ശിക്ഷ ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്ത് ആണ് കേസില്‍ വിധി പറഞ്ഞത്. ജാമ്യം കോടതി റദ്ദാക്കിയതിനെതുടര്‍ന്ന് കിരണ്‍ കുമാറിനെ ജയിലിലേക്ക് മാറ്റി.

സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാര്‍ നിരന്തരം പീഡിപ്പിച്ചതിനെതുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. മകളെ ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഭര്‍ത്താവ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. കെട്ടിച്ചമച്ച കേസ് ആണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും കോടതിയില്‍ സമര്‍ഥിക്കാന്‍ പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.

ഭര്‍തൃവീട്ടില്‍ താന്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം കോടതിയില്‍ സുപ്രധാന തെളിവായി. കിരണ്‍കുമാര്‍ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തുക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് കുറ്റപത്രം സമര്‍പ്പിച്ചു.

Chandrika Web: