X

ഗോവയില്‍ യുവാവ് കൊല്ലപ്പെട്ട കേസ്; അന്വേഷണ സംഘം ഗോവയിലേക്ക്

കൊച്ചി: എറണാകുളം പെരുമാന്നൂരില്‍ നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ (27) വടക്കന്‍ ഗോവയിലെ ആളൊഴിഞ്ഞ കുന്നിന്‍പ്രദേശത്ത് കൊന്നുതള്ളിയ കേസില്‍ അറസ്റ്റിലായ കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന്‍ സ്‌റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ വിഷ്ണു ടി.വി (25) എന്നിവരുമായി അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും. ഇന്നലെ പുലര്‍ച്ചെ പ്രതികളുമായി ഗോവയിലേക്ക് പോകുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസങ്ങളെതുടര്‍ന്ന് യാത്രതിരിക്കാനായില്ല.

കേസില്‍ രണ്ട് പേര്‍ക്കുകൂടി പങ്കുള്ളതായി സൂചനയുണ്ട്. മലയാളികളായ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകും. ഇതിലൊരാള്‍ പ്രധാന സാക്ഷിയായേക്കുമെന്ന സൂചനയുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ പ്രത്യേകം പ്രത്യേകമായി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ അനില്‍ ചാക്കോയില്‍ നിന്ന് ജെഫ് വന്‍തുക കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കിയിരുന്നില്ല. താന്‍ വിവിധ കേസുകളില്‍ കുടുങ്ങി ഒളിവില്‍ കഴിയുകയാണെന്നത് അറിയാവുന്ന ജെഫ് ഇക്കാര്യം പുറത്തുപറഞ്ഞേക്കുമോയെന്ന ആശങ്ക അനിലിനുണ്ടായിരുന്നു.

മദ്യപിക്കുന്നതിനിടെ ഇക്കാര്യങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 2021 നവംബറിലാണ് ജെഫ് ജോണ്‍ ലൂയിസ് വീടുവിട്ടിറങ്ങുന്നത്. തുടര്‍ന്ന് മൂന്ന് മാസം കഴിഞ്ഞാണ് മാതാവ് ഗ്ലാഡിസ് ലൂയിസ് മകനെ കാണാനില്ലെന്ന് കാട്ടി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെക്കുറിച്ച് ഒരുവിവരവും പിന്നീട് ഉണ്ടായിരുന്നില്ല. കഴിഞ്ഞമാസം അവസാനത്തോടെ ലഹരിക്കേസില്‍ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ജെഫിന്‍ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്.

webdesk11: