X

കാറ്റലോണിയ തെരഞ്ഞെടുപ്പ്: സ്വാതന്ത്ര്യവാദികള്‍ക്ക് ഭൂരിപക്ഷം

ബാഴ്‌സലോണ: സ്പാനിഷ് നഗരമായ കാറ്റലോണിയയില്‍ ഇന്നലെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ഉജ്ജ്വല വിജയം. ഇതോടെ സ്‌പെയിന്‍ ഭരണകൂടവും കാറ്റലോണിയന്‍ ജനതയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായേക്കും. 135 സീറ്റുകളില്‍ 70 സീറ്റുകളും സ്വാതന്ത്ര്യവാദികള്‍ സ്വന്തമാക്കി. സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന ജെഎക്‌സ് ക്യാറ്റ്, റിപ്പബ്ലിക്കന്‍ ലെഫ്റ്റ് ഓഫ് കാറ്റലോണിയ പോപ്പുലര്‍ യൂണിറ്റി പാര്‍ട്ടി തുടങ്ങിയവര്‍ ചേര്‍ന്നാണ് 70 സീറ്റുകള്‍ സ്വന്തമാക്കിയത്.
ഹിതപരിശോധനയെത്തുടര്‍ന്ന് പ്രവിശ്യയുടെ ഭരണം പിടിച്ചെടുത്ത സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയാണ് കാറ്റലോണിയയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സ്‌പെയിനിന്റെ സ്വയംഭരണ പ്രവിശ്യയായി കാറ്റലോണിയയെ നിലനിര്‍ത്താന്‍ താല്‍പര്യപ്പെടുന്ന കക്ഷികളും സ്വാതന്ത്ര്യവാദികളും തമ്മിലായിരുന്നു പ്രധാന പോരാട്ടം. അതേസമയം, 37 സീറ്റു നേടിയ സിറ്റിസണ്‍ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഐക്യസ്‌പെയിന്‍ ആഗ്രഹിക്കുന്നവരാണ് സിറ്റിസണ്‍ പാര്‍ട്ടി. ആദ്യമായാണ് ഐക്യത്തെ അനുകൂലിക്കുന്ന ഒരു പാര്‍ട്ടി കാറ്റലോണിയയില്‍ ഏറ്റവും വലിയ കക്ഷിയാകുന്നത്.

 

കാര്‍ലസ് പ്യുജെമുണ്ട്

മുന്‍ വൈസ്പ്രസിഡന്റ് ഒറിയോള്‍ ജാന്‍ക്വിറാസ് ആണ് കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പ്യുജെമുണ്ടിന്റെ മുഖ്യ എതിരാളി. ബെല്‍ജിയത്തു നിന്ന് പ്രചാരണം നടത്തിയിരുന്ന പ്യുജെമുണ്ട് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തുവന്നു. സ്വാതന്ത്ര്യവാദികള്‍ക്കനുകൂലമായി ജനം വിധിയെഴുതിയതോടെ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കിയ സ്‌പെയിന്‍ സര്‍ക്കാറിന്റെ നടപടി ഇതോടെ ഇല്ലാതായതായി പ്യൂജെമുണ്ട് ട്വിറ്ററില്‍ കുറിച്ചു.

chandrika: