X
    Categories: MoreViews

കേന്ദ്ര ഭരണ നീക്കം കാറ്റലോനിയ നിസഹകരണത്തിന്

മാഡ്രിഡ്: കാറ്റലോനിയന്‍ മേഖലയെ സ്‌പെയിനിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള നീക്കം ചെറുക്കുമെന്ന് കാറ്റലോനിയ. മാഡ്രിഡില്‍ നിന്നുള്ള നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും നിസഹകരിക്കുമെന്ന് കാറ്റലോനിയന്‍ നേതാക്കള്‍ അറിയിച്ചു.

കാറ്റലോനിയയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക ഭരണഘടനാ അധികാരം വിനിയോഗിച്ച് മേഖലാ സര്‍ക്കാറിനെ പിരിച്ചു വിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് ഭരണ കൂടം തയാറെടുക്കുന്നതിനിടയിലാണ് നിസഹകരണമെന്ന ഭീഷണിമുഴക്കി കാറ്റലോനിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ചയാണ് കാറ്റലോനിയയില്‍ നേരിട്ടുള്ള ഭരണത്തിനായി സ്പാനിഷ് സെനറ്റില്‍ വോട്ടെടുപ്പ്.

സ്‌പെയിനിന്റെ സാമ്പത്തിക ജീവനാഡിയായ കാറ്റലോനിയ സ്വാതന്ത്ര്യം പ്രാപിച്ചാല്‍ സ്‌പെയിന്‍ സാമ്പത്തികമായി തകരുമെന്നതിനാല്‍ എന്ത് വിലകൊടുത്തും സ്വാതന്ത്ര്യ ആവശ്യം അടിച്ചമര്‍ത്താനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ ശ്രമം. അതേ സമയം ഈ മാസം ഒന്നിന് നടത്തിയ ഹിതപരിശോധനയില്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടായതായാണ് കാറ്റലോനിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. സ്പാനിഷ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ ലംഘിക്കാനുള്ള തീരുമാനം തങ്ങളുടെ മാത്രം തീരുമാനമല്ലെന്നും ഇത് 70 ലക്ഷം കാറ്റലോനിയന്‍ ജനങ്ങളുടേതാണെന്നും കാറ്റലോനിയന്‍ വിദേശകാര്യ തലവന്‍ റൗള്‍ റൊമേവ അറിയിച്ചു. കാറ്റലോനിയന്‍ സ്വാതന്ത്ര്യ ഹിത പരിശോധനയില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യത്തിന് അനുകൂലമായാണ് വോട്ടു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കാറ്റലോനിയന്‍ സ്വാതന്ത്ര്യ പോരാട്ടം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും സമാന നീക്കത്തിന് സഹായകരമാവുമെന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് നീക്കത്തെ നോക്കിക്കാണുന്നത്. സ്‌പെയിനില്‍ തന്നെ കാറ്റലോനിയക്കു പിന്നാലെ ഗാലിസിയ, ബാസ്‌ക് എന്നീ മേഖലകളിലും സമാന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കോട്ട്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാറ്റലോനിയന്‍ പ്രക്ഷോഭം ശക്തിപകരുമെന്നാണ് കരുതുന്നത്. കിഴക്കന്‍ ഇറ്റലിയില്‍ രണ്ട് സമ്പന്ന മേഖലകള്‍ ഇതിനോടകം തന്നെ കൂടുതല്‍ ഭരണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

chandrika: