X

കശാപ്പ് വിലക്കിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി

ഷില്ലോങ്: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. അടുത്ത മാസം ഒന്നിന് നിലവില്‍ വരുന്ന ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച പ്രത്യേക യോഗം വിളിച്ചത്. ഇതിനൊപ്പമാണ് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ച ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മുകുള്‍ സാങ്മ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരും കേന്ദ്രം ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മേഘാലയയില്‍ നിന്ന് വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബിജെപിയുടെ വിവിധ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിരുന്നു. ജൂണ്‍ 10ന് പ്രതിഷേധ സൂചകമായി ബീഫ് ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു.
നിലവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മേഘാലയ ഭരിക്കുന്നത്. അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഫ് വിഷയം കത്തിക്കയറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്്.

chandrika: