X
    Categories: More

നെയ്മറുമായുള്ള തര്‍ക്കം; നിലപാട് വ്യക്തമാക്കി കവാനി

പാരിസ്: ഒളിംപിക് ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തില്‍ ഫ്രീകിക്കും പെനാല്‍ട്ടിയും എടുക്കുന്നതു സംബന്ധിച്ച് സൂപ്പര്‍ താരം നെയ്മറുമായുണ്ടായ അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ത്തെന്ന് സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി. കളിക്കളത്തില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ടി.വി ചാനലുകള്‍ വഴി ലോകമെങ്ങുമുള്ള ആരാധകര്‍ കാണുകയും കവാനിയെ വില്‍ക്കാന്‍ നെയ്മര്‍ പി.എസ്.ജി മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഉറുഗ്വേയിലെത്തിയപ്പോള്‍ വിവാദത്തില്‍ കവാനി ആദ്യമായി മനം തുറന്നത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ വലിയ സംഭവമായിരുന്നില്ല പ്രശ്‌നമെന്നും കളി കഴിഞ്ഞപ്പോള്‍ തന്നെ അതിന് പരിഹാരമായിരുന്നുവെന്നും 30-കാരന്‍ പറഞ്ഞു.

‘ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനേക്കാള്‍ പെരുപ്പിച്ചു കാണിക്കപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. ഇതും അതുപോലെയാണ്. നെയ്മറുമായുള്ള അഭിപ്രായ വ്യത്യാസം ഡ്രസ്സിംഗ് റൂമില്‍ വെച്ചുതന്നെ പറഞ്ഞു തീര്‍ത്തിരുന്നു. ഇപ്പോള്‍ എല്ലാം നല്ല നിലയ്ക്കാണ്. ഞങ്ങള്‍ ഇരുവരും ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് പോരാടുന്നത് എന്നതാണ് പ്രധാനം.’ – കവാനി പറഞ്ഞു.

പെനാല്‍ട്ടി കിക്കുകളെടുക്കാന്‍ നെയ്മറിനെ അനുവദിക്കുന്നതിന് കവാനിക്ക് ഒരു ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തുവെന്ന് സ്പാനിഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നവെങ്കിലും എസ്.ജി മാനേജ്‌മെന്റ് അത് നിഷേധിച്ചിരുന്നു. വിവാദ സംഭവത്തിനു ശേഷം പി.എസ്.ജിക്ക് ആദ്യമായി പെനാല്‍ട്ടി ലഭിച്ചത് ലീഗ് വണ്ണില്‍ കഴിഞ്ഞയാഴ്ച ബോര്‍ഡോക്കെതിരെയാണ്. കിക്കെടുത്ത നെയ്മര്‍ ഗോളാക്കുകയും ബ്രസീലിയന്‍ താരത്തെ കവാനി അഭിനന്ദിക്കുകയും ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: