X
    Categories: CultureViews

എന്‍.ഡി.എയില്‍ പ്രതിസന്ധി രൂക്ഷം; ബി.ജെ.പി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിനും തയ്യാറെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലെ ഭിന്നത രൂക്ഷമാകുന്നു. ആവശ്യമെങ്കില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുമായി യോജിക്കുമെന്ന് എന്‍.ഡി.എ കക്ഷിയായ തെലുഗു ദേശം പാര്‍ട്ടി തലവനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. തന്റെ സംസ്ഥാനത്തിന് ബി.ജെ.പി സര്‍ക്കാര്‍ അര്‍ഹിച്ച പ്രാധാന്യം നല്‍കുന്നില്ലെന്നും അവസാനത്തെ ആയുധം എന്ന നിലക്ക് അവിശ്വാസ പ്രമേയം ഉപയോഗിക്കാന്‍ തയ്യാറാണെന്നും നായിഡു പറഞ്ഞു.

നേരത്തെ, മോദി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെയും ജനസേനയുടെയും ആവശ്യം ചന്ദ്രബാബു നായിഡു തള്ളിയിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇതര കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി സര്‍ക്കാറിനെതിരെ നീങ്ങുമെന്നാണ് നായിഡുവിന്റെ പ്രഖ്യാപനം.

‘അവിശ്വാസ പ്രമേയം ഞങ്ങളുടെ അവസാനത്തെ അഭയമായിരിക്കും. ആന്ധ്രാപ്രദേശിന് നീതിക്കു വേണ്ടി അവസാനം വരെ പോരാടും. നീതി ലഭിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിന് മറ്റു പാര്‍ട്ടികളില്‍ നിന്നും സഹായം തേടും.’ – നായിഡു വിജയവാഡയില്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചുവെന്നാരോപിച്ച് തെലുഗു ദേശം പാര്‍ട്ടി പരസ്യമായി രംഗത്തു വന്നതോടെയാണ് എന്‍.ഡി.എയിലെ തര്‍ക്കം മറനീക്കി പുറത്തുവന്നത്. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്രം ആന്ധ്രക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും നിരാശനാണെന്നും നായിഡു തുറന്നടിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ എന്‍.ഡി.എക്ക് തിരിച്ചടിയാണ് ടി.ഡി.പിയുടെ പുതിയ നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാ പ്രദേശില്‍ 16 സീറ്റില്‍ ടി.ഡി.പി ജയിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: