X

കേസുകളില്‍ മുട്ടിടിച്ചു; സിബിഐക്ക് വിലക്കേര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍-പൊതുസമ്മത പത്രം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് ഇതു ബാധകമായിരിക്കില്ല.

പൊതു സമ്മത പത്രം പിന്‍വലിക്കുന്നതോടെ സിബിഐക്ക് ഇനി സംസ്ഥാനത്ത് കേസെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെയോ കോടതിയുടെയോ അനുമതി ആവശ്യമായി വരും. കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.

നേരത്തെ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സിബിഐക്കുള്ള അനുമതി പിന്‍വലിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിന്റെ നീക്കവും. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് സിബിഐ നിലവില്‍ വന്നത്.

പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ നിരവധി കേസുകളില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ അറിയാതെ സിബിഐ അന്വേഷണം ആരംഭിച്ചത് ഭരണ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

നേരത്തെ, സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്‍ദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിര്‍ദേശിച്ചത്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

Test User: