X
    Categories: indiaNews

യെദിയൂരപ്പയുടെ മകന്റെ അഴിമതി മറയ്ക്കാന്‍ വീണ്ടും സിബിഐയെ ഇറക്കി ബിജെപിയുടെ രാഷ്ട്രീയ നാടകം

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകനെതിരായ അഴിമതിയാരോപണം മറയ്ക്കാന്‍ സിബിഐയെ രംഗത്തിറക്കി ബിജെപിയുടെ രാഷ്ട്രീയ നാടകം. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെയും സഹോദരന്റെയും വീട്ടിലും ഓഫീസുകളിലുമടക്കം റെയ്ഡ് നടത്തി യെദിയൂരപ്പയുടെ മകനെതിരായ ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. ഇന്ന് രാവിലെ മുതലാണ് സിബിഐ കോണ്‍ഗ്രസ് നേതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ് ആരംഭിച്ചത്.

ബെംഗളൂരു വികസന അതോറിറ്റിയുടെ ഫ്‌ളാറ്റ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയും മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. 17 കോടി രൂപയാണ് യെദിയൂരപ്പയുടെ മകന്‍ കരാറുകാരനില്‍ നിന്ന് ആവശ്യപ്പെടുന്നത്. മുമ്പ് നല്‍കിയ പണം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ശശിദര്‍ മരഡി എന്നയാളുടെ എക്കൗണ്ടിലേക്ക് 7.4 കോടി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ബാക്കി പണം മരുമകന്റെ ഹൂബ്ലിയിലെ മദുര എസ്റ്റേറ്റിലേക്ക് നല്‍കാന്‍ പറയുന്ന ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടിരുന്നു.

അഴിമതി പുറത്തുവന്നതിന് പിന്നാലെ യെദിയൂരപ്പയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. യെദിയൂരപ്പയുടേയും കുടുംബത്തിന്റെയും അഴിമതി പകല്‍പോലെ വ്യക്തമായതോടെ അത് മറികടക്കാനാണ് സിബിഐയെ രംഗത്തിറക്കി ബിജെപി റെയ്ഡ് നാടകം നടത്തുന്നത്. കര്‍ണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഴിമതി പുറത്തായത് ബിജെപിക്ക് വന്‍ തിരിച്ചടിയാവുമെന്ന് ഉറപ്പായിരുന്നു. ഇത് മറികടക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അഴിമതിയാരോപണങ്ങള്‍ വീണ്ടും കുത്തിപ്പൊക്കാനാണ് ബിജെപി നീക്കം. സിബിഐ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: