X
    Categories: NewsViews

കേന്ദ്ര ബജറ്റ്; കേരളത്തോടുള്ള അവഗണന തുടരുമോ?


ന്യൂഡല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാവുക. കാര്‍ഷിക പ്രതിസന്ധി മറികടക്കലും രൂക്ഷമായ തൊഴില്‍ക്ഷാമം പരിഹരിക്കലും സര്‍ക്കാരിനു മുന്നിലുള്ള വലിയ വെല്ലുവിളിയാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഫലപ്രദമാവുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ കന്നി ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമനു മുന്നില്‍ ഇന്നു വെല്ലുവിളി ഏറെയായിരിക്കും. കാര്‍ഷിക-ചെറുകിട വ്യവസായ മേഖലകളെ ഉത്തേജിപ്പിക്കുന്നതിനാവശ്യമായ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും. നടപ്പു വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴു ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എട്ടു ശതമാനത്തിലേക്ക് എത്തിക്കുക എന്നതും സര്‍ക്കാറിനു മുന്നിലെ വെല്ലുവിളിയാകും.

അതേസമയം ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ കേരളത്തോട് കാണിച്ച അവഗണനയുടെ തുടര്‍ച്ച തന്നെ ആവുമോ രണ്ടാം എന്‍.ഡി.എ സര്‍ക്കാറും സ്വീകരിക്കുകയെന്ന ആശങ്ക കേരളത്തിനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും പ്രഹരം ഏല്‍ക്കേണ്ടി വന്ന സംസ്ഥാനമാണ് കേരളം. 20ല്‍ 19 സീറ്റും യു.ഡി.എഫ് നേടിയിരുന്നു. ശേഷിച്ച ഒന്ന് എല്‍.ഡി.എഫും നേടി. പ്രളയം തകര്‍ത്ത കേരളത്തിന് കരകയറാന്‍ മതിയായ സഹായം കേന്ദ്ര ബജറ്റില്‍ ഉണ്ടാകണമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

web desk 1: