X
    Categories: Views

അനുപ്രിയയെയെങ്കിലും മാതൃകയാക്കൂ

ഗര്‍ഭിണിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ കസേരയിലിരുത്തി പ്രളയദുരന്തമുഖത്തുനിന്ന് രക്ഷിച്ച സൈനികരുടെയും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിറങ്ങിത്തിരിച്ചിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെയും വാര്‍ത്തകള്‍ക്കിടെയാണ് ഇന്നലെ തമിഴ്‌നാട്ടിലെ വില്ലുപുരത്തുനിന്ന് വന്ന കേരളത്തിനും മനുഷ്യര്‍ക്കാകെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജൃംഭിതമാക്കുന്ന വാര്‍ത്ത. കെ.സി ഷണ്മുഖാനന്ദന്റെ എട്ടു വയസ്സുകാരിയായ മകള്‍ അനുപ്രിയ തന്റെ കുടുക്കയില്‍ അഞ്ചുരൂപയുടെ നാണയത്തുട്ടുകളായി ശേഖരിച്ചുവെച്ച ഒന്‍പതിനായിരം രൂപ കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി സംഭവാന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. അനുപമമായ മാനവ സ്‌നേഹത്തിന്റെ തിളങ്ങിയാട്ടമായി മാത്രമേ ഈ കൊച്ചു കരുണാഹസ്തത്തെ കാണാന്‍ കഴിയൂ.

നാനൂറോളം പേരുടെ മരണത്തിനും ഇരുപതിനായിരം കോടിയുടെ സ്വത്തു നഷ്ടത്തിനും ഇടയാക്കിയ 2018ലെ പ്രളയത്തിന്റെ അനുരണനങ്ങളില്‍നിന്ന് ഇനിയും കൊച്ചുകേരളം പൂര്‍ണമുക്തി കൈവരിച്ചിട്ടില്ല. ഇനിയും വരാനിരിക്കുന്നത് മഹാമാരിയാണെന്ന് ഓര്‍മിപ്പിക്കുകയാണ് പുറത്തുപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ജഢങ്ങളും ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങളും. വീടുകള്‍ക്കുള്ളില്‍ ഇനി എന്ന് സൈ്വര്യമായി അന്തിയുറങ്ങാന്‍ കഴിയുമെന്ന ആധിയിലാണ് ദുരിതബാധിതരും ജനതയും. ഇതിനിടെയാണ് തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും ന്യൂയോര്‍ക്കിലെയുമൊക്കെ മലയാളികളും അല്ലാത്തവരുമൊക്കെയായി എത്തിക്കുന്ന സഹസ്രകണക്കിന് ദുരിതാശ്വാസ വസ്തുക്കളും ഔഷധങ്ങളും പണവുമൊക്കെ.

എന്നാലിതിനൊക്കെ ഇടയിലാണ് കേരളത്തെ ആകമാനം നാണക്കേടിലാക്കി ചില വോട്ടുമോഹികളായ കുബുദ്ധികള്‍ സൈബര്‍ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഭരണകക്ഷിയെയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെള്ള പൂശാനും ജനങ്ങളെയും പ്രതിപക്ഷത്തെയും ഇകഴ്ത്താനുമാണ് ഇക്കൂട്ടര്‍ ഈ സന്നിഗ്ധ വേളയില്‍ സമയം കളയുന്നത്. സാമാന്യനീതിയുടെയും മര്യാദയുടെയും ലംഘനമെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകള്‍ കിട്ടുന്നില്ല.

മുഖ്യമന്ത്രിമാരും മന്ത്രിമാരില്‍ പലരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സൈനികരും സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷിനേതാക്കളും പ്രവര്‍ത്തകരും ജാതിമത ഭേദമെന്യേ രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനത്തിറങ്ങിയവരുമൊക്കെ കേരളത്തോടും ലോകത്തോടും വെളിപ്പെടുത്തിയൊരു സന്ദേശമെന്നു പറയുന്നത്, അടങ്ങാത്തതും ഒടുങ്ങാത്തതുമായ മനുഷ്യസാഹോദര്യത്തിന്റെ നിദര്‍ശനമാണ്. അതിന് മറ്റൊന്നിന്റെയും ചാര്‍ത്തലുകള്‍ ആവശ്യമില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ചിത്രംവെച്ച് അദ്ദേഹത്തെ പുകഴ്ത്തിയും പ്രതിപക്ഷ നേതാവിന്റെ ചിത്രസഹിതം അദ്ദേഹത്തെ ഇകഴ്ത്തിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടര്‍ക്ക് രക്ഷാപ്രവര്‍ത്തനമോ ദുരിതാശ്വാസമോ അല്ല, മറിച്ച് ഏതു പ്രതിസന്ധിക്കിടയിലും തന്റെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കുക എന്ന ജോലി മാത്രമേ ഉള്ളൂ. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇവര്‍ചെയ്തുകൂട്ടുന്നതിന്റെയൊക്കെ ഫലം ഇവര്‍ പ്രതിനിധീകരിക്കുന്ന കക്ഷിക്കും പ്രസ്ഥാനത്തിനും ദോഷമേ ചെയ്യൂവെന്ന് തിരിച്ചറിയുന്നില്ല.

പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത് ആഗസ്റ്റ് 8ന് തുടങ്ങിയ പ്രളയക്കെടുതി പാരമ്യത്തിലെത്തിയപ്പോഴാണ്. സൈന്യത്തിന്റെ അപര്യാപ്തതയും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു അത്. സംസ്ഥാന സര്‍ക്കാരിന് തന്നെ ഇത് ബോധ്യപ്പെട്ടിരുന്നുവെന്നതിന് തെളിവാണ് കേന്ദ്രത്തിനെതിരെ മന്ത്രിമാരും സി.പി.എം നേതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍. പ്രതിരോധ വകുപ്പും മറ്റും കാര്യമായി ഉണര്‍ന്നതുതന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷമാണ്. അപ്പോഴേക്കും നൂറുകണക്കിന് പേര്‍ ജീവന്‍ ബലിയര്‍പ്പിച്ചുകഴിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏകോപനമില്ലാതെയായിരുന്നുവെന്നതിന് തെളിവാണ് കക്കി, ബാണാസുരസാഗര്‍, മലമ്പുഴ പോലുള്ള അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലമുണ്ടായ വെള്ളപ്പാച്ചിലും ദുരന്തവും.

ലക്ഷക്കണക്കിന് ആളുകളാണ് ആഗസ്റ്റ് 17ന് ഒറ്റരാത്രി കൊണ്ട് വീടുകളുടെ മുകളിലേക്ക് മാറേണ്ടിവന്നത്. ദിവസങ്ങള്‍ അവര്‍ക്ക് ഭക്ഷണമില്ലാതെയും രക്ഷാപ്രവര്‍ത്തകരെത്താതെയും വീടുകള്‍ക്ക് മുകളില്‍ കഴിയേണ്ടിവന്നു. ഇതിനകം പത്തു ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഇപ്പോഴും വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ചെളി നീക്കാനാവുന്നില്ല. വരാനിരിക്കുന്നത് കോളറ, ടൈഫോയ്ഡ് പോലുള്ള പകര്‍ച്ചവ്യാധികളുടെ മഹാമാരിയാണ്. ഇതിനെതിരെ കേരള ജനത ഒന്നടങ്കം പൊരുതി ജയിക്കേണ്ടതുണ്ട്. ഇതിന് ഭരണകക്ഷിക്കാരും ഉദ്യോഗസ്ഥരും മതിയെന്ന് ആരെങ്കിലും മിഥ്യാബോധം കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ അത് കത്തുന്ന പുരയുടെ കഴുക്കോല്‍ ഊരുന്ന പണിയാകും. മുഖ്യമന്ത്രി പോലും അങ്ങനെ വിചാരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ കണ്ട് തോന്നുന്നില്ല. ഇപ്പോള്‍ നാം ചെയ്യേണ്ടത് കിട്ടിയ ദുരിതാശ്വാസവസ്തുക്കള്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കുകയും പടി കടന്നെത്തുന്ന മഹാമാരികളെ ചെറുക്കാന്‍ കൈമെയ് മറന്ന് പരസ്പരം കൈകോര്‍ക്കുകയുമാണ്. ഇതിന് തുരങ്കംവെക്കുന്ന പണി ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ സര്‍ക്കാരും സി.പി.എമ്മും അതിന ്കര്‍ശനമായി തടയിടണം. ദുരന്തവേളയില്‍ കൊള്ളവില ഈടാക്കുന്നവര്‍ക്ക് സമാനമാണിതും. അല്ലെങ്കില്‍ കേരളം ഈ മൂന്നാഴ്ച കൊണ്ട് നേടിയ ഒത്തൊരുമയുടെ നേട്ടങ്ങളെല്ലാം വൃഥാവിലാക്കുകയായിരിക്കും ഫലം.

നൂറ്റാണ്ടിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നത് പ്രതിപക്ഷ നേതാവിന്റെ മാത്രം ആവശ്യമായിരുന്നില്ലെന്ന് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം ആവശ്യപ്പെട്ടവരില്‍ സി.പി.എമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിവരെയുണ്ട്. അതിനെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെയാണ് ഇപ്പോഴത്തെ സൈബര്‍ സഖാക്കളുടെ കോമാളിപ്പോരാട്ടം. സൈന്യത്തിന് ഭരണം ഏല്‍പിക്കണമെന്നല്ല, സൈന്യത്തെ പൂര്‍ണമായി അധികാരമേല്‍പിച്ചാല്‍ തഹസില്‍ദാറുടെ കല്‍പനക്ക് സൈനികര്‍ക്ക് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇന്നലെ പോലും പല സ്ഥലത്തും നേവിയുടെയും മറ്റും രക്ഷാസംഘത്തിന് റവന്യൂമേലാളുമാരുടെ അനുമതിക്കായി കാത്തിരിക്കേണ്ടിവന്നു. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണസേനയുടെയും സേവനം അനിതരസാധാരണവും പ്രശംസാര്‍ഹവുമാണ്. അതിനെ ഇകഴ്ത്തുന്ന രീതിയിലും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുന്ന രീതിയിലും തിരിച്ചും സൈബര്‍ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എത്രയുംവേഗം നിര്‍ത്തുകയാണ് ഭരണകക്ഷിക്കാരെന്ന് പറയുന്നവര്‍ ചെയ്യേണ്ടത്. രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ശുചീകരണത്തിന്റെയും യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ ഇത്തരക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ആര്‍ക്കും ആവശ്യമില്ല.

വന്‍വികസന പദ്ധതികളേക്കാള്‍ ജനങ്ങളുടെ മൗലികാവകാശമായ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ജോലിയാണ് സര്‍ക്കാരുകള്‍ക്ക് നിര്‍വഹിക്കാനുള്ളത്. വാലറ്റുകളില്‍ ഒതുങ്ങി ജീവിതം തുലക്കുന്നവരേക്കാള്‍ ദുരിതാശ്വാസപ്പടയുടെ വാലറ്റത്തെങ്കിലും ഒരു കൈത്താങ്ങ് നല്‍കുകയാണ് മലയാളിയാണെങ്കില്‍ ഇക്കൂട്ടര്‍ ചെയ്യേണ്ടത്.

chandrika: