X
    Categories: Sports

ചാമ്പ്യന്‍സ് ലീഗ്: ലണ്ടനിലിന്ന് ചെല്‍സിയും ബാര്‍സയും

 

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി – ബാര്‍സലോണ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്. ലാലിഗയില്‍ ഒന്നാം സ്ഥാനത്തും കിങ്‌സ് കപ്പ് ഫൈനലിലും എത്തി നില്‍ക്കുന്ന ബാര്‍സലോണ ആത്മവിശ്വാസത്തോടെ ഭൂഖണ്ഡത്തിന്റെ പോരാട്ടത്തിന് എവേ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പ്രീമിയര്‍ ലീഗിലെ മോശം ഫോമില്‍ അസ്വസ്ഥരായ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ചെല്‍സി. എട്ടു തവണ ചെല്‍സിക്കെതിരെ കളിച്ചിട്ടും ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതിരുന്ന ലയണല്‍ മെസ്സിക്കും പുറത്താക്കപ്പെടലിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന ചെല്‍സി കോച്ച് ആന്റോണിയോ കോന്റെക്കും സമ്മര്‍ദം വര്‍ധിപ്പിക്കുന്ന മത്സരമാവും ഇത്.സീസണ്‍ തുടക്കത്തില്‍ സ്പാനിഷ് സൂപ്പര്‍ കപ്പിനു ശേഷം ശക്തമായി തിരിച്ചുവന്ന ബാര്‍സലോണ നിലവില്‍ യൂറോപ്പിലെ കരുത്തരായ ടീമുകളിലൊന്നാണ്. ഈ സീസണില്‍ റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ കരുത്തരെ വീഴ്ത്തിയ പെരുമയുമായിറങ്ങുന്ന ഏണസ്റ്റോ വല്‍വെര്‍ദെയുടെ സംഘത്തിന് മെസ്സി, സുവാരസ്, ഇനിയസ്റ്റ എന്നീ പ്രമുഖരുടെ ഫോമും ജനുവരിയില്‍ ടീമിലെത്തിയ ഫിലിപ്പ് കുട്ടിന്യോയുടെ മികവും പ്രതീക്ഷ പകരുന്നു. അതേസമയം, പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം വെസ്റ്റ്‌ബ്രോംവിച്ചിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ കനത്ത പോരാട്ടം തന്നെ കാഴ്ചവെക്കുമെന്നതുറപ്പ്.ഇന്നത്തെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് തുര്‍ക്കി ക്ലബ്ബ് ബെസ്‌ക്കിറ്റസിനെ നേരിടും. ബുണ്ടസ് ലീഗ ടേബിളില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്ന ബയേണിന് തുര്‍ക്കിഷ് ലീഗില്‍ നാലാം സ്ഥാനത്തുള്ള ബെസ്‌ക്കിറ്റസ് വലിയ വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി 1.15 നാണ് ഇരു മത്സരങ്ങളുടെയും കിക്കോഫ്.

chandrika: