X
    Categories: Sports

റെഡി സ്മാഷ്

 

66 ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോഴിക്കോടിന്റെ മണ്ണില്‍ തുടക്കമാകും. ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മത്സരങ്ങള്‍ നാളെ രാവിലെ മുതല്‍ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ട്രേഡ്‌സെന്റര്‍ സ്റ്റേഡിയത്തിലുമായി നടക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് നഗരത്തില്‍ ഘോഷയാത്ര നടക്കും. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം നടക്കുക. പതിനറ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം ആതിഥേയരാകുന്ന സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈ മാസം 28 വരെ നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സര്‍വ്വീസസും പഞ്ചാബും രാജസ്ഥാനുമുണ്ട്. മിക്ക ടീമുകള്‍ ഇന്നലെ തന്നെ കോഴിക്കോടെത്തി. ചത്തീസ്ഗഢിന്റെ പുരുഷ-വനിതാ ടീമുകള്‍ക്ക് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സര്‍വ്വീസസ്, ആന്ധ്രപ്രദേശ്, ചണ്ഢീഗഢ് ടീമുകളും ഇന്നലെ പുലര്‍ച്ചയോടെ കോഴിക്കോടെത്തി. ടീമുകള്‍ ഇന്നലെ നഗരത്തിലെ വിവിധ സ്‌കൂള്‍ മൈതാനങ്ങളില്‍ പരിശീലനം നടത്തി. ആതിഥേയരായ കേരള ടീം ഇന്നലെ മത്സരവേദിയായ സ്വപ്‌നഗരിയില്‍ പരിശീലനം നടത്തി. കേരള പുരുഷ ടീം അഞ്ച് തവണയും വനിതകള്‍ പത്ത് തവണയും ദേശീയ ചാംപ്യന്‍മാരായിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളും പങ്കെടുക്കും. സംഘാടക സമിതിയുടെ സ്വീകരണ കമ്മറ്റിയുടെ പ്രത്യേക കൗണ്ടര്‍ റയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. ഏഷ്യന്‍ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ സീനിയര്‍ കളിക്കാരെ ആദരിക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 10000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഇന്റര്‍നാഷണല്‍ വോളിബാള്‍ താരവുമായ കെ.സി ഏലമ്മയുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയില്‍ സമാപിക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ഉച്ചവരെ സൗജന്യമായി കാണാനുള്ള അവസരമുണ്ടാവുമെന്ന് മുഖ്യ സംഘാടകന്‍ പ്രൊഫസര്‍ നാലകത്ത് ബഷീര്‍ അറിയിച്ചു.

chandrika: