X
    Categories: Sports

ബെറ്റിസില്‍ റയല്‍ വിയര്‍ത്തു നേടി

 

സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് എവേ പരീക്ഷണത്തില്‍ ജയിച്ചു. റയല്‍ ബെറ്റിസിനെ അവരുടെ തട്ടകത്തില്‍ നേരിട്ട സൈനദിന്‍ സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്‍ 1-2 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ ശക്തമായ തിരിച്ചുവരവ്. ലാലിഗയില്‍ 6000 ഗോളുകള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ റയല്‍ സ്വന്തമാക്കി.ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ റയല്‍ 11-ാം മിനുട്ടില്‍ മാര്‍ക്കോ അസന്‍സിയോയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. 33-ാം മിനുട്ടില്‍ ജോക്വിന്‍ റോഡ്രിഗസ്സിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് എയ്സ്സ മെന്‍ഡി ബെറ്റിസിനെ ഒപ്പമെത്തിച്ചു. നാലു മിനുട്ടുകള്‍ക്കുള്ളില്‍ ബെറ്റിസ് ആക്രമണം തടയാനുള്ള ശ്രമത്തില്‍ നാച്ചോ ഫെര്‍ണാണ്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ റയല്‍ പിന്നിലായി.രണ്ടാം പകുതി തുടങ്ങിയ അഞ്ചു മിനുട്ടിനുള്ളില്‍ ക്യാപ്ടന്‍ സെര്‍ജിയോ റാമോസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. ലൂക്കാസ് വാസ്‌ക്വെസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് റാമോസ് ലക്ഷ്യം കണ്ടത്. 59-ാം മിനുട്ടില്‍ അസന്‍സിയോയും 65-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടപ്പോള്‍ റയല്‍ നില സുരക്ഷിതമാക്കിയെന്ന് തോന്നിച്ചെങ്കിലും 85-ാം മിനുട്ടില്‍ സെര്‍ജിയോ ലിയോണിന്റെ ഗോള്‍ സന്ദര്‍ശകരുടെ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍, ക്രിസ്റ്റ്യാനോക്ക് പകരമിറങ്ങിയ ബെന്‍സേമയുടെ ഗോള്‍ റയലിന് വിലപ്പെട്ട മൂന്നു പോയിന്റ് സമ്മാനിച്ചു.24 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 62 പോയിന്റോടെ ബാര്‍സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 55 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. വാശിയേറിയ പോരാട്ടത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെ കെവിന്‍ ഗമീറോ, ഡീഗോ കോസ്റ്റ എന്നിവരുടെ ഗോളില്‍ തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. 46 പോയിന്റുമായി വലന്‍സിയ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഒരു കളി കുറവ് കളിച്ച റയല്‍ 45 പോയിന്റോടെ നാലാം സ്ഥാനത്താണ്.്20 ഗോളോടെ ലയണല്‍ മെസ്സിയാണ് ലീഗിലെ ടോപ് സ്‌കോറര്‍. രണ്ടാം സ്ഥാനത്ത് ലൂയിസ് സുവാരസ് (17).

chandrika: