X
    Categories: MoreViews

തെലുങ്കുദേശം എന്‍.ഡി.എ വിട്ടു; അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. തിരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം.പിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതാണ് നായിഡു എന്‍.ഡി.എ വിടാന്‍ കാരണം. നേരത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ട് ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചിരുന്നു.

മന്ത്രിമാര്‍ രാജിവെച്ചെങ്കിലും പാര്‍ട്ടി എന്‍.ഡി.എ വിട്ടിരുന്നില്ല. എന്നാല്‍ മുഖ്യപ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിനെതിരെ പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുന്നണി വിടാന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്.

അതേസമയം മോദി സര്‍ക്കാറിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവിശ്വാസപ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാനും ചന്ദ്രബാബു നായിഡു എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന് ആവേശം പകരുന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. അതിനിടെ നായിഡു എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ടി.ഡി.പി മുന്നണി വിടുന്നത് നിലവില്‍ മോദി സര്‍ക്കാറിന് വെല്ലുവിളിയല്ലെങ്കിലും 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടി.ഡി.പിയുടെ മുന്നണിമാറ്റം എന്‍.ഡി.എക്ക് തലവേദനയാവും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: