X

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഗോകുലം സൂപ്പര്‍ കപ്പിന്; എതിരാളികള്‍ ബെംഗളൂരു എഫ്.സി

ഭുവനേശ്വര്‍:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള എഫ്.സി സൂപ്പര്‍ കപ്പിന് യോഗ്യത നേടി. ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഗാണ്ടന്‍ താരം ഹെന്റി കിസേക്കയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തെ വിജയത്തിലേക്ക് നയിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ മുന്നറ്റങ്ങള്‍ ഗോളായിമാറാതെ കോട്ടകെട്ടിയ ഗോകുലത്തിന്റെ ഗോള്‍കീപ്പര്‍ നിഖില്‍ ബര്‍ണാഡ് ആണ് ഹീറോ ഓഫ് ദി മാച്ച്.

നോര്‍ത്ത് ഈസ്റ്റിനെതിരെ മികച്ച പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. തകര്‍ത്തു കളിച്ച ഗോകുലം ആദ്യപകുതിയില്‍ തന്നെ ലീഡ് നേടി. 43ാം മിനിറ്റില്‍ മധ്യനിരക്ക് സമീപത്ത് നിന്ന് അര്‍ജുന്‍ ജയരാജ് നീട്ടി നല്‍കിയ ത്രൂപാസ് പിടിച്ചെടുത്ത് കിസേക്ക തൊടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെ കബളിപ്പിച്ച് വലയിലെത്തി.

തിരിച്ചു വരവിനായി കിണഞ്ഞു ശ്രമിച്ച നോര്‍ത്ത് ഈസ്റ്റിനെ നിരാശരാക്കി ഗോകുലം ലീഡ് വര്‍ധിപ്പിച്ചു. ഇത്തവണയും അര്‍ജുന്‍ ജയരാജ്-ഹെന്റി കിസേക്ക കൂട്ടുകെട്ടാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി വലത് വിങ്ങിലൂടെ കുതിച്ചെത്തിയ അര്‍ജുന്‍ ജയരാജ് ബോക്‌സിന് നടുവില്‍ നിലയുറപ്പിച്ച കിസേക്കക്ക് പന്ത് മറിച്ചു. തടയാനെത്തിയ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരയെ വിദഗ്ധമായി കബളിപ്പിച്ച് കിസേക്കയുടെ ഗോള്‍ വലയില്‍ മുത്തമിട്ടു.

കേരള ബ്ലാസ്റ്റേഴ്‌സിന് ശേഷം സൂപ്പര്‍കപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ കേരള ടീമാണ് ഗോകുലം എഫ്.സി. ഐ.എസ്.എല്‍ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്.സിയാണ് സൂപ്പര്‍കപ്പില്‍ ഗോകുലത്തിന്റെ ആദ്യ എതിരാളികള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: