X
    Categories: Views

ഭരണസ്തംഭനത്തിന്റെ ചീഞ്ഞുനാറ്റം

പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ അഭൂതവും അസൂയാവഹവുമായ ഒത്തൊരുമ പ്രകടിപ്പിച്ച മലയാളികളെ ആകമാനം അപമാനിക്കുമാറ് തുടര്‍ന്നുള്ള ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ഭരണകൂടംതന്നെ നിലവിലുണ്ടോ എന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ഇപ്പോള്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നത്.

ഈ മാസം രണ്ടിന് പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകരെപോലും അറിയിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാഴ്ചത്തേക്ക് അമേരിക്കയിലേക്ക് ചികില്‍സാര്‍ത്ഥം പോയതിനെ ജനങ്ങള്‍ വളരെ പാകതയോടെയാണ് പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ അഭാവത്തില്‍ സംസ്ഥാനത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ തീരുമാനങ്ങളും നടപടികളും പരിപൂര്‍ണമായ ഭരണസ്തംഭനത്തിലേക്കും അരാജകത്വത്തിലേക്കുമാണ് സംസ്ഥാനത്തെ വലിച്ചിഴച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്ന് സര്‍ക്കാരിന് പലതവണ ആവര്‍ത്തിക്കേണ്ടിവരുന്നത് അച്ഛന്‍ പത്തായത്തിലില്ലെന്ന് പറയുന്നതുപോലെയാണ്.

മുഖ്യമന്ത്രിമാര്‍ വിദേശയാത്രക്ക് പോകുമ്പോള്‍ പകരം മന്ത്രിക്ക് ചുമതല നല്‍കാറുണ്ടെന്ന കീഴ്‌വഴക്കം ലംഘിച്ചതിന് സര്‍ക്കാരിനോ ഭരണകക്ഷിക്കോ തൃപ്തികരമായ മറുപടിയില്ല. പ്രളയം കൊടുമ്പിരിക്കൊണ്ടിരിക്കെ ആഗസ്റ്റ് 17ന് തിടുക്കപ്പെട്ട് മുന്‍മന്ത്രി ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചുവിളിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചതിലൂടെ പിണറായിക്ക് പകരക്കാരന്‍ വന്നുവെന്ന തോന്നലാണ് പരക്കെ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന് മുഖ്യമന്ത്രിക്കുവേണ്ടി വാക്കാല്‍ എന്തെങ്കിലും പറയാനല്ലാതെ ഭരണപരവും നിയമപരവുമായ നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമായിരിക്കുന്നു.

ബുധനാഴ്ചകളില്‍ ചേരാറുള്ള മന്ത്രിസഭ രണ്ടാഴ്ചയായിട്ടും ചേരാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഈ സന്നിഗ്ധ വേളയില്‍ കേരളീയരെയും പ്രളയ ദുരിതബാധിതരെയും സംബന്ധിച്ചിടത്തോളം വലിയ മാനഹാനിയും ദുരിതവുമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇനിയും പൂര്‍ണമായും നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. മുഖ്യമന്ത്രിക്ക് പകരം മന്ത്രിസഭായോഗങ്ങളില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കുമെന്ന ഉത്തരവ് പൊതു ഭരണ വകുപ്പ് സെപ്തംബര്‍ മൂന്നിന് ഇറക്കിയെങ്കിലും അതനുസരിച്ചുള്ള മന്ത്രിസഭായോഗം ഇതുവരെയും ചേര്‍ന്നിട്ടില്ല എന്നത് ചിലതെല്ലാം ഈ സര്‍ക്കാരിനകത്ത് ചീഞ്ഞുനാറുന്നുവെന്നതിനുള്ള തെളിവാണ്. ഇതേക്കുറിച്ച് പൊതുജനങ്ങളില്‍നിന്നും പ്രതിപക്ഷത്തുനിന്നും ഉയര്‍ന്ന പരാതികള്‍ക്ക് ഭരണ സ്തംഭനമില്ലെന്നും കാര്യങ്ങളെല്ലാം അതിന്റെ വഴിക്ക് നടക്കുന്നുണ്ടെന്നുമാണ് ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും പറയുന്നത്. എന്നാല്‍ മന്ത്രിസഭായോഗം ചേര്‍ന്ന് എടുക്കേണ്ട ഭരണഘടനാപരവും നിയമപരവുമായ തീരുമാനങ്ങള്‍ ആരെടുക്കുന്നു എന്നു പറയാന്‍ സര്‍ക്കാരിനാവുന്നില്ല. ഉദാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെപ്പറ്റി ഇറക്കിയ ഉത്തരവും സ്‌കൂള്‍ കലോല്‍സവം സംബന്ധിച്ച ഉത്തരവും സംസ്ഥാന മന്ത്രിസഭ അറിഞ്ഞിട്ടേയില്ല.

പ്രളയം കാരണം സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനായി സ്‌കൂള്‍കലോല്‍സവം മാറ്റിവെക്കുന്നുവെന്ന പ്രഖ്യാപനം സംബന്ധിച്ച് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന സാംസ്‌കാരിക-പട്ടിക വിഭാഗ ക്ഷേമ മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്, തീരുമാനം ശരിയല്ലെന്ന രീതിയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി രവീന്ദ്രനാഥ് ആദ്യം മൗനം പാലിക്കുകയാണ് ചെയ്തത്. എ.കെ ബാലന്‍ പിന്നീട് അയഞ്ഞെങ്കിലും സ്‌കൂള്‍ കലോല്‍സവങ്ങള്‍ സംബന്ധിച്ച് ജില്ലാതലത്തില്‍ മല്‍സരങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനുള്ള തീരുമാനം അംഗീകരിച്ചത് കഴിഞ്ഞ ദിവസമാണ്.

മുഖ്യമന്ത്രി പോയതിന് പിറ്റേന്നുതന്നെ രണ്ടു മന്ത്രിമാര്‍ ആലപ്പുഴയില്‍ ഒരേവേദിയില്‍വെച്ച് ഭരണനടപടികളെക്കുറിച്ച് പരസ്യമായി പരസ്പരം പോരടിച്ചപ്പോള്‍തന്നെ മൂപ്പിളമപ്പോരും ഭരണ സ്തംഭനവും ജനത്തിന് ബോധ്യമായിരുന്നു. കുട്ടനാട്ടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക് വേണ്ട താല്‍പര്യം കാട്ടുന്നില്ലെന്ന രീതിയിലാണ് അന്നാട്ടുകാരന്‍ തന്നെയായ പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചത്. ഇതിന് മറുപടിയായി താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന മറുപടിയാണ് ഐസക് അതേവേദിയില്‍ തിരിച്ചടിച്ചത്. ഇതിനര്‍ത്ഥം മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. ലോകബാങ്ക് സംഘം പ്രളയത്തെക്കുറിച്ച് പഠിക്കാന്‍ എത്തിയ സമയത്ത് ആരാണ് അവര്‍ക്ക് വേണ്ട നിര്‍ദേങ്ങള്‍ നല്‍കുന്നത്. പ്രളയം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിന് ദുരിതാശ്വാസത്തിനുള്ള തുക അനുവദിക്കുന്നതിന്റെ കണക്ക് ഹാജരാക്കിയത് കഴിഞ്ഞ രാത്രി മാത്രമാണ്. ഇ-ഫയലിങ് വഴി കഴിഞ്ഞ ദിവസം വരെ മുഖ്യമന്ത്രി 316 ഫയലുകള്‍ നോക്കിക്കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് കമ്പ്യൂട്ടറിനെതിരെയും മറ്റും സമരം ചെയ്തവരാണ് ഇ-ഫയലിങിനെക്കുറിച്ചും ഇ-ഗവേണന്‍സിനെക്കുറിച്ചുമൊക്കെ ഇപ്പോള്‍ വാതോരാതെ സംസാരിക്കുന്നതെന്നത് ജനങ്ങളുടെ ഓര്‍മശേഷിയെ ചോദ്യം ചെയ്യുന്ന വിചിത്രവാദങ്ങളാണ്.

പി.കെ ശശി എം.എല്‍.എയുമായി ബന്ധപ്പെട്ട് മന്ത്രി ബാലന്‍ പാര്‍ട്ടിയുടെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് താന്‍ പരാതിയെക്കുറിച്ച് കേട്ടിട്ടേയില്ലെന്ന് പറഞ്ഞത് സെപ്തംബര്‍ നാലിനായിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയിലാകട്ടെ മന്ത്രി ബാലന് ആഗസ്റ്റ് 31ന് തന്നെ അന്വേഷണച്ചുമതല കൈമാറിയിരുന്നുവെന്നാണ് പറഞ്ഞത്. ഇവിടെ മന്ത്രി കള്ളം പറയുകവഴി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്. അണക്കെട്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായി വൈദ്യുത മന്ത്രി എം.എം മണിയും സത്യപ്രതിജ്ഞാലംഘനം നടത്തുകയുണ്ടായി. ഡാമുകള്‍ തുറക്കുമെന്ന് താന്‍ മാധ്യമ പ്രവര്‍ത്തകരോട് കള്ളം പറഞ്ഞതാണെന്ന മണിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും കൂടി കൂട്ടിവായിക്കുമ്പോള്‍ ഈ സര്‍ക്കാരിന് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മികവും നിയമപരവുമായ അവകാശം നഷ്ടപ്പെട്ടുവെന്നതിന് നേര്‍തെളിവുകളാകും.

chandrika: