X

ഹര്‍ഷിന കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചു; ഡോക്ടര്‍മാരടക്കം നാല് പേര്‍ പ്രതികള്‍

മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമര്‍പ്പിച്ചത്. ഡോ. സി.കെ. രമേശന്‍, ഡോ.ഷഹന എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. സ്റ്റാഫ് നഴ്‌സ് മഞ്ജു കെ.ജി, നഴ്‌സിങ് ഓഫിസര്‍ ഗ്രേഡ് വണ്‍ ആയ എം. രഹനയും പ്രതിപ്പട്ടികയിലുണ്ട്.

മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തത്. നേരേത്ത പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച് മുന്‍ സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടര്‍മാരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയത് ഡോ.സി.കെ. രമേശന്‍ ആയിരുന്നു. അദ്ദേഹമിപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലാണ് ജോലി ചെയ്യുന്നത്. ഡോ. ഷഹല കോട്ടയത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്.

webdesk13: