X

കുടുംബ പ്രശ്‌നത്തിലിടപെട്ടു; അയല്‍വാസിക്ക് കുത്തേറ്റു

ബാലുശ്ശേരി: കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ട് സമാധാനത്തിന് ശ്രമിച്ച അയല്‍വാസിക്ക് കുത്തേറ്റ് പരിക്ക്. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ കുറുങ്ങോട്ടിടത്തില്‍ താമസിക്കുന്ന സുനില്‍ കുമാറിനാണ് (48) വയറിന് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കുറുങ്ങോട്ടിടത്തില്‍ താമസിക്കുന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ ജയേഷ് വീട്ടിലെത്തി ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്നു കുട്ടിയെയും എടുത്തു തൊട്ടടുത്ത സുനില്‍ കുമാറിന്റെ വീട്ടിനു മുററത്തു കൂടെ പോകുകയായിരുന്നു.

അയല്‍വാസി സുനില്‍ കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ജയേഷുമായി സംസാരിച്ചു കൊണ്ടിരിക്കെ കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സുനില്‍ കുമാറിന്റെ വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. സുനില്‍ കുമാറിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പരിക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജയേഷ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

webdesk11: