X
    Categories: Views

നാണക്കേടിന്റെ അങ്ങേയറ്റം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നാം കേരളീയര്‍ അതിജീവിക്കുന്നത് അല്‍ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഈ തലമുറ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്രയും ശക്തമായ ഒരു ദുരന്തം പ്രളയത്തിന്റെ രൂപത്തില്‍ വന്ന് സര്‍വ്വതും നക്കിത്തുടച്ചെടുത്തപ്പോള്‍ അതിനു മുന്നില്‍ സ്തംഭിച്ചുനില്‍ക്കാതെ, പോരാട്ടവീര്യം കൊണ്ട് അതിജീവനത്തിന്റെ പുതുചരിതം രചിക്കുകയായിരുന്നു നാം മലയാളികള്‍.

ദുരിതബാധിതനായ അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയതിന് ശേഷമാണ് നമ്മള്‍ വിശ്രമിച്ചത്. തങ്ങളുടെ ഏക സമ്പാദ്യമായ ബോട്ടുകളും ചുമന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ദേശങ്ങളില്‍ ചെന്ന് കൈമെയ് മറന്ന് രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ മുതല്‍ സ്വന്തം വീടുകളില്‍ വെള്ളംകയറിക്കിടക്കുമ്പോഴും മറ്റുള്ള പ്രദേശങ്ങളില്‍ ആളുകളുടെ രക്ഷക്കെത്തിയ മഹാമനസ്‌കര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും ഇതേ ഒരുമയും ജാഗ്രതയുമാണ് എല്ലായിടങ്ങളിലും പ്രകടമാകുന്നത്.

പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് നേരത്തെ മോചിതരായ മലബാര്‍ പ്രദേശത്തുള്ളവര്‍ ദുരിതങ്ങള്‍ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലാത്ത തെക്കന്‍ ജില്ലകളിലേക്ക് സഹായഹസ്തങ്ങളുമായി വ്യാപകമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ വീടുകളും ചുറ്റുപാടുകളും വാസ യോഗ്യമാക്കാനുള്ള സകല സംവിധാനങ്ങളുമായാണ് ഇത്തരം സംഘങ്ങളുടെ യാത്ര.

എന്നാല്‍ ത്യാഗോജ്ജലമായ ഈ പ്രവര്‍ത്തനങ്ങളുടെമേല്‍ കളങ്കം ചാര്‍ത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ബലമായി പിടിച്ചെടുത്ത് വഴിമാറ്റിക്കൊണ്ടുപോകുന്നു എന്ന വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ പാര്‍ട്ടിക്കെതിരെയാണ് ഈ ആരോപണം വ്യാപകമായി ഉന്നയിക്കെപ്പടുന്നത്. ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്ന സാധന സാമഗ്രികള്‍ ബലമായി സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതായി സി.പി.ഐ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും പിടിച്ചെടുത്ത് പാര്‍ട്ടി വക സഹായമായി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയാണെന്നാണ് ഉന്നയിക്കപ്പെട്ട ആരോപണം.

ഈ ആരോപണം ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മൂന്നാറിലുണ്ടായ സംഭവ വികാസം. സഹായ ഹസ്തവുമായെത്തിയ ലോറിയിലെ സാമഗ്രികള്‍ സി.പി.എം ഓഫിസിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടയുകയുണ്ടായി. തമിഴ്‌നാട്ടിലെ ഡി.എം.കെ എം.എല്‍.എ ഐ. പെരിയസാമി യുടെ നേതൃത്വത്തില്‍ ദിണ്ടുക്കല്‍ ജില്ലയില്‍ നിന്ന് സ്വരൂപിച്ച അരി ഉള്‍പ്പെടെയുള്ള 15 ലക്ഷത്തിന്റെ സാധനങ്ങളാണ് സി.പി.എം കേന്ദ്രങ്ങള്‍ വഴിതടഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. മൂന്നാറില്‍ വാഹനം തടഞ്ഞ് എവിടേക്കാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത് എന്ന് പൊതുജനങ്ങള്‍ ചോദിച്ചപ്പോള്‍ മൂന്നാര്‍ സി.പി.എം ഓഫീസിലേക്ക് കൊണ്ടുവരുവാന്‍ നിര്‍ദ്ദേശം ലഭിച്ചുവെന്നായിരുന്നു വാഹനത്തിന്റെ ഡ്രൈവറുടെ മറുപടി. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.

ഇതോടെ ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനായി കൊണ്ടു വന്നതാണെന്നും എന്നാല്‍ സി.പി.എം ഓഫീസില്‍ ഇറക്കി തിരിച്ചുപോകാന്‍ ചിലര്‍ നിര്‍ബന്ധിച്ചതായും ലോറി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കുകയുണ്ടായി. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സാമഗ്രികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാതെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പാര്‍ട്ടി ഓഫീസുകളില്‍നിന്ന് വിതരണം ചെയ്യുന്നതെന്ന് പൊതുജനങ്ങളും പരാതിപ്പെടുന്നു. ദേവികുളം എം. എല്‍. എ യുടെ ഫണ്ടില്‍ നിന്ന് കൊടുക്കുന്നതായി കാണിച്ചാണ് പിടിച്ചെടുക്കുന്ന സാമഗ്രികള്‍ വിതരണം ചെയ്യുന്നതെന്ന് സി.പി.ഐ നേതാക്കളും ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന സാധന സാമഗ്രികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലേക്ക് എത്തുന്നുണ്ടെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്ന് സി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

ദൗര്‍ഭാഗ്യകരമായ ഇത്തരം നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്തിയുടെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയും ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനായികഠിന ശ്രമവും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടാന്‍ ഇടയാക്കും എന്നത് അവിതര്‍ക്കിതമാണ്. പ്രത്യേകിച്ച് സംസ്ഥാനം ഈ ദുരിതക്കയത്തില്‍ നിന്ന് കരകയറരുതെന്ന ആഗ്രഹവും അതിനായി അശ്രാന്ത പരിശ്രമവുമെല്ലാം നമ്മുടെ നാട്ടിലെ തന്നെ ഏതാനും കോണുകളില്‍ നിന്ന് ഉയരുന്ന സാഹചര്യത്തില്‍. രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ സംസ്ഥാനത്തിനെതിരെ ഉത്തരവാദപ്പെട്ടസ്ഥാനത്തിരിക്കുന്നവര്‍ പോലും കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍ അത്തരക്കാര്‍ക്ക് കച്ചിത്തുരുമ്പ് നല്‍കുകയാണ് ഈ ദൗര്‍ഭാഗ്യകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവര്‍ ചെയ്യുന്നത്.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ലഭ്യമാകുന്ന സഹായങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത്തരം വാര്‍ത്തകളെ ആഘേഷ പൂര്‍വം കൊണ്ടാടുമെന്ന കാര്യത്തില്‍ സംശയമില്ല.

സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും ഈ പശ്ചാത്തലത്തില്‍ ഉറപ്പു വരുത്തപ്പെടേണ്ടതുണ്ട്. വീടുകള്‍ മാത്രമല്ല ഉപജീവനമാര്‍ഗങ്ങളെല്ലാം പ്രളയം കൊണ്ടുപോയ ഹതഭാഗ്യരായ ഒരു ജനവിഭാഗത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുറത്താണ്. അത് കൊണ്ടാണ് വാര്‍ധക്യകാല പെന്‍ഷന്‍ മുതല്‍ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങള്‍ക്ക് നീക്കിവെച്ച പണം പോലും സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകുന്നത്. ഏതെങ്കിലും രീതിയിലുള്ള സ്വാധീന വലയങ്ങളിലേക്ക് ഈ സഹായം നീങ്ങിപ്പോകുമോ എന്ന ആശങ്ക ഒരാളിലും ഉടലെടുക്കുന്ന ഒരു സാഹചര്യവും ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.

chandrika: