X

പ്രവാസി ചിട്ടി: കെ.എം മാണിയുടെ ചോദ്യങ്ങള്‍ക്ക് ഐസക് മറുപടി പറയണമെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: പ്രവാസി ചിട്ടിയെക്കുറിച്ച് മുന്‍ ധനമന്ത്രി കെ.എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസിചിട്ടി വഴി പതിനായിരം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇത്രയും തുകവരെയുള്ള ചിട്ടികള്‍ തുടങ്ങണമെങ്കില്‍ കെ.എസ്.എഫ്.ഇ അത്രയും തുക ഒരു അംഗീകൃത ബാങ്കില്‍ കേരള ചിട്ടി റജിസ്റ്ററുടെ പേരില്‍ കെട്ടിവെച്ച് ബാങ്കില്‍ നിന്ന് ഇതിലേക്കാവിശ്യമായ ഗാരന്റിയോ എഫ്.ഡി രശീതോ അല്ലങ്കില്‍ ചിട്ടി തുകയുടെ ഒന്നരമടങ്ങ് മൂല്യമുള്ള സര്‍ക്കാര്‍ സെക്യുരിറ്റി അസിസ്റ്റന്റ് റജിസ്ട്രാറുടെ പേരില് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്ത് അതിനുള്ള റിക്കാര്‍ഡുകള്‍ ഹാജരാക്കണം. എന്നാലേ ചിട്ടി തുടങ്ങാന്‍ നിയമപരമായി അനുവാദം ലഭിക്കൂ. കെ.എം മാണി ഉയര്‍ത്തിയ ഈ ചോദ്യത്തിന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത് സെക്യുരിറ്റി തുക കെട്ടിവച്ചതിന് ശേഷം മാത്രമെ ചിട്ടി റജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം ലഭിക്കൂവെന്നും അതുകൊണ്ട് പ്രവാസികളില്‍ നിന്ന് ശേഖരിക്കുന്നത് മുന്‍പ് തന്നെ കെ.എസ്.എഫ്.ഇ സെക്യുരിറ്റി തുക കിഫ്ബിയില്‍ നിക്ഷേപിക്കുമെന്നുമാണ്. എന്നാല്‍ അംഗീകൃത ബാങ്ക് അല്ലാത്ത കിഫ്ബിക്ക് അതിന് അധികാരമില്ല. ഇതിന് ചിട്ടി നിയമമോ, മാര്‍ച്ച് 15ന് റിസര്‍വ്വ് ബാങ്ക് പ്രവാസി ചിട്ടിക്ക് അനുവദിച്ച കിഴിവുകളോ അനുവാദം നല്‍കുന്നില്ല. യാതൊരു സെക്യുരിറ്റിയും ഇല്ലാതെ പ്രവാസികളെ ചിട്ടിയില്‍ ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്.
മാണി ഉന്നയിച്ച ഈ കാതലായ വിഷയങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രവാസി ചിട്ടിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ഐസക് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെ.എസ്.എഫ്.ഇയില്‍ നിന്നുള്ള ചിട്ടി തുക കിഫ്ബിയിലേക്ക് മാറ്റാന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേരളാ സര്‍ക്കാര്‍ 6/2018 ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഐസക് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന് മാത്രമെ കേന്ദ്ര ചിട്ടി നിയമത്തില്‍ ഇളവ് നല്‍കാന്‍ സാധിക്കുവെന്ന് മാത്രമല്ല കേന്ദ്ര നിയമത്തിലെ വ്യവസ്ഥ ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ വഴി സംസ്ഥാന സര്‍ക്കാരിന് മാറ്റാനും കഴിയില്ല. ഇതെല്ലാം മുന്‍നിര്‍ത്തി നോക്കുമ്പോള്‍ മാണി ഉയര്‍ത്തിയ പ്രസക്തമായ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഐസക് ഒഴിഞ്ഞുമാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
വിദേശവിനമയ ചട്ടമനുസരിച്ച് പ്രവാസികള്‍ അടക്കുന്ന ചിട്ടിപ്പണം അവരുടെ എന്‍.ആര്‍.ഐ അക്കൗണ്ട് വഴി കെ.എസ്.എഫ്.ഇയുടെ അംഗീകൃത ബാങ്കില്‍ അടക്കാനല്ലാതെ കിഫ്ബിയിലേക്ക് മാറ്റാന്‍ കഴിയില്ല.
ഇത് സംബന്ധിച്ച് കിഫ്ബിക്ക് റിസര്‍വ്വ് ബാങ്ക് അംഗീകാരവും നല്‍കിയിട്ടില്ല. മാത്രമല്ല ചിട്ടി നിയമത്തില്‍ പ്രവാസി ചിട്ടിപ്പണം യാതൊരു അംഗീകൃത സെക്യുരിറ്റികളിലും നിക്ഷേപിക്കാനും കഴിയില്ല.
ഇക്കാര്യത്തില്‍ ധനമന്ത്രി ഐസകിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര ചിട്ടി നിയമത്തിലെ വ്യവസ്ഥകള്‍ പോലും വായിച്ച് നോക്കാതെയുളള തോമസ് ഐസക് ഇത്തരം മറുപടികള്‍ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണ്. മാണി ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ ഐസക് മറുപടി പറയണമെന്നും രമേശ് ആവശ്യപ്പെട്ടു.

chandrika: