X

മോദി സര്‍ക്കാര്‍ രാജ്യത്തെ നാണം കെടുത്തുന്നു: ചെന്നിത്തല

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പരിഷ്‌കൃത സമൂഹത്തിന് മുന്നില്‍ രാജ്യത്തിന് തലകുനിക്കേണ്ടിവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പതിനേഴ് കാരിയെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന ഉത്തര്‍ പ്രദേശിലെ ബി.ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സംരക്ഷിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതോടൊപ്പം ജമ്മുവില്‍ എട്ടുവയസുകാരിയെ തടവിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തെ വര്‍ഗീയവല്‍ക്കരിച്ച് നേട്ടം കൊയ്യാനും ബി.ജെ.പി നേതൃത്വം ശ്രമിക്കുകയാണ്. ഉന്നാവിലെ ബി.ജെ.പി എം.എല്‍.എയും സംഘവുമാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് ഇരയായ പെണ്‍കുട്ടി പറഞ്ഞിട്ടും എം.എല്‍.എയെതൊടാന്‍ ബി.ജെ.പി സര്‍ക്കാര്‍ മടിക്കുകയാണ്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസും എം.എല്‍.എയുടെ അനുയായികളും കൂടി മര്‍ദ്ദിച്ച് കൊന്നത് മനുഷ്യമന:സാക്ഷിയെ മരിവിപ്പിക്കുന്നതാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിക്കേണ്ട ഗതികേടിലേക്കാണ് ഇരയായ പെണ്‍കുട്ടിയെയും കുടംബത്തെയും ബി.ജെ.പി സര്‍ക്കാര്‍ തള്ളിവിട്ടത്.

ജമ്മുവില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതികളെ രക്ഷിക്കാന്‍ ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നത് രാജ്യത്ത് തന്നെ നാണക്കേടാണ്. ബി.ജെ.പി സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ നടക്കുന്ന കൊടുംക്രുരതകള്‍ക്കെതിരെ ജനമനസാക്ഷി ഉണര്‍ന്ന് പ്രതികരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

chandrika: