X

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം: കെ.സുധാകരന്‍ എംപി

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരുമാണ് ഇപ്പോള്‍ കേരളത്തിലേത്. ഗവര്‍ണ്ണറിലൂടെ അമിതാധികാരം സംസ്ഥാന സര്‍ക്കാരിന് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഗവര്‍ണ്ണര്‍ -മുഖ്യമന്ത്രിപോര്.  കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കും വിധം ഗവര്‍ണ്ണര്‍ പെരുമാറരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. ഗവര്‍ണ്ണരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പാരാതിയുണ്ട്. അധികാരത്തിന്റെ തണലില്‍ സിപിഎമ്മും സര്‍ക്കാരും നടത്തിയ നിയമവിരുദ്ധ നടപടികള്‍ക്ക് കുടപിടിക്കാനാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറുടെ മേല്‍ സ്വാധീനം ചെലുത്തുന്നത്.ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്.തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളാവണം ഗവര്‍ണ്ണര്‍ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതിനാലാണ് അവരിരുവരും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകര്‍ന്നത്. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നീ പദവികള്‍ക്ക് നിയമാനുസൃതം നല്‍കേണ്ട ബഹുമാനം കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. എന്നാല്‍ ആ പദവി വഹിക്കുന്നവര്‍ നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധവുമായി പ്രവര്‍ത്തിച്ചാല്‍ അതിനെ കോണ്‍ഗ്രസിന് പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുപേരോടും കോണ്‍ഗ്രസിന് ആവശ്യപ്പെടാനുള്ളത് ഭരണഘടനാ വിധേയമായി പ്രവര്‍ത്തിക്കാനുള്ള സന്‍മനസ്സ് കാട്ടണമെന്നാണെന്നും സുധാകരന്‍ പറഞ്ഞു.

ലോകായുക്തയുടെ ആത്മാവിനെ കൊല്ലുന്ന ഭേദഗതിബില്ല് കോണ്‍ഗ്രസ് എതിരാണ്. ഗവര്‍ണ്ണര്‍ ഒപ്പിടാത്ത എട്ടു ബില്ലുകളില്‍ ഒരെണ്ണം ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതാണ്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് അതിന്റെ ചിറകരിയുന്ന ഭേദഗതിബില്ല് സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് വിട്ടത്.ഭരണഘടനയുടെ നിയമപരിധിയില്‍ നിന്ന് ഗവര്‍ണ്ണര്‍ തെറ്റുചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാരത് തിരുത്തണം. ഗവര്‍ണ്ണര്‍ പദവിയെ റബ്ബര്‍ സ്റ്റാംമ്പായി കാണാന്‍ കോണ്‍ഗ്രസിനാവില്ല. ഗവര്‍ണ്ണറും തന്റെ അധികാര പരിധി ലംഘിക്കാതെ തന്നില്‍ അര്‍പ്പിതമായ ഭരണഘടനാ ബാധ്യതയും ചുമതലയും നിറവേറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമായി മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള നാടകത്തിന്റെ ഭാഗമാണോ മുഖ്യമന്ത്രി-ഗവര്‍ണ്ണര്‍ പോരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പര്‌സപരം തമ്മിത്തല്ലുമ്പോഴെല്ലാം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരുമിക്കേണ്ടയിടങ്ങളില്‍ യോജിപ്പോടെ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

യൂണിവേഴ്‌സികളെ സിപിഎം അനുഭാവികള്‍ക്ക് പിന്‍വാതില്‍ വഴി ജോലി നല്‍കാനുള്ള ഇടം മാത്രമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്്. യൂണിവേഴ്‌സിറ്റികള്‍ക്ക് വൈസ് ചാന്‍സിലര്‍മാരും കോളേജുകള്‍ക്ക് പ്രിന്‍സിപ്പല്‍ മാരും ഇല്ലാതായിട്ട് നാളെത്രെയായി. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള പോര് അസാധാരണമായ സംഭവമാണ്.സത്യസന്ധവും നിഷ്പക്ഷവുമായി ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പരസ്പരം പോരാടിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു.

webdesk11: