X

മുഖ്യമന്ത്രി പിണറായി വിജയന്‍ നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ: സി പി ജോൺ

കേരള രാഷ്ട്രീയം വീർപ്പുമുട്ടുന്നുവെന്ന് സിഎംപി നേതാവ് സി പി ജോൺ. അത് പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സി പി ജോൺ സർക്കാർ കേരളത്തിൽ ചുറ്റിതിരിയുന്നുവെന്നും വിമർശിച്ചു. നവകേരള എന്ത് നേടിയെന്നും സി പി ജോൺ ചോദിച്ചു.

ഇടതു മുന്നണിക്ക് അകത്ത് രാഷ്ട്രീയ വീർപ്പുമുട്ടൽ ഉണ്ട്. തിരുവനന്തപുരത്തു എത്തുമ്പോൾ മന്ത്രിമാരുടെ ഐക്യം ഇല്ലാതാവും. കേരള കോൺഗ്രസ്‌ മാണി വിഭാഗം എന്തിന് ബസ്സിന്‌ പുറകെ പിടിച്ചു തൂങ്ങണമെന്നും സി പി ജോൺ ചോദിച്ചു.

നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ പിണറായി വിജയനെന്നും സി പി ജോൺ കുറ്റപ്പെടുത്തി.100 കോടി ചെലവിട്ട് നവകേരള സദസ്സ് എന്തിന് കൊട്ടിഘോഷിക്കണം. ധനമന്ത്രിയെ മുഖ്യൻ ബസിൽ പിടിച്ചു പൂട്ടിയിട്ടെന്നും സി പി ജോൺ പരിഹസിച്ചു.
ഗവർണർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ആദ്യ പാർട്ടി സിഎംപിയാണെന്ന് ചൂണ്ടിക്കാണിച്ച സി പി ജോൺ ഭരണകക്ഷി ഗവർണറെ തെരുവിൽ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമാണെന്നും വ്യക്തമാക്കി. ഐഎഫ്എഫ്കെയിൽ പോലും മന്ത്രി ഇല്ല.
ലോക പ്രശസ്തർ വന്നിട്ട് മന്ത്രിമാർ ഇല്ല. സജി ചെറിയാൻ സമാപനത്തിനു പോകണം. മന്ത്രിമാർക്ക് തിരുവനന്തപുരം വേണ്ടേ. മുഖ്യൻ്റെ ബന്ദികളാണ് മന്ത്രിമാരെന്നും സി പി ജോൺ കുറ്റപ്പെടുത്തി.

സിഎംപിയുടെ 11-ാം പാർട്ടി കോൺഗ്രസ് ജനുവരി 28, 29, 30 തീയതി നടക്കുമെന്ന് സി പി ജോൺ അറിയിച്ചു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സെമിനാറുകൾ സംഘടിപ്പിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി.

webdesk13: