X

മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘം പ്രഥമ അവാര്‍ഡ് സിദ്ദീഖ് കാപ്പന് ആര്‍ രാജഗോപാല്‍ സമ്മാനിച്ചു

കോഴിക്കോട്: മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാര്‍ഡ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ്‌ലാര്‍ജ് ആര്‍ രാജഗോപാല്‍ സമ്മാനിച്ചു. മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. അഭിപ്രായം പറയാന്‍ ഇന്ന് ഭയം തോന്നുകയാണെന്നും നാമറിയാതെ തന്നെ നമ്മിലേക്ക് ഭയം വരികയാണെന്നും ആര്‍ രാജഗോപാല്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തിനിടെയാണ് ഇത്തരത്തിലുള്ള പ്രവണതയുണ്ടായത്. ഇപ്പോള്‍ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ എന്റെ സ്ഥാപനം എന്നെ പിന്തുണയ്ക്കുമോയെന്ന് എനിക്ക് സംശയമാണ്. ഇത്തരത്തിലുള്ള പരിപാടികള്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനുള്ള പിന്തുണയാണ്.

ഈ പരിപാടിയില്‍ സംബന്ധിക്കുന്നതിനെക്കുറിച്ച് കേരളത്തിനു പുറത്തെ പത്രപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ പങ്കെടുക്കരുതെന്നായിരുന്നു അവര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേരളത്തിലെ എന്റെ സുഹൃത്തുക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുക തന്നെ വേണമെന്നാണ് എന്നെ ഉപദേശിച്ചത്. കേരളത്തെ നാം എത്ര കുറ്റപ്പെടുത്തിയാലും ഇത്തരം പരിപാടികള്‍ നടത്താന്‍ കഴിയുന്നത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞകാലങ്ങളില്‍ എല്ലാ സത്യങ്ങളും വിളിച്ചുപറയാന്‍ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് എന്റെയുള്ളില്‍ ഭയം വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ പി ഒ റഹ്മത്തുല്ല സ്വാഗതം പറഞ്ഞു. എന്‍ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ല, പി എ എം ഹാരിസ്, പ്രഫ. രമാ സുന്ദരി തെലങ്കാന, ജമാല്‍ കൊച്ചങ്ങാടി സംസാരിച്ചു. സിദ്ദീഖ് കാപ്പന്‍ മറുടപടി പ്രസംഗം നടത്തി.

അഡ്വ. എം കെ ഷറഫുദ്ദീന്‍ നന്ദി പറഞ്ഞു. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പ്രാ. ജെ ദേവിക, ഒ അബ്ദുല്ല, എന്‍ പി ചെക്കുട്ടി, എ എസ് അജിത് കുമാര്‍, പി എ എം ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഗ്രോ വാസു ചെയര്‍മാനും എന്‍ പി ചെക്കുട്ടി ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘമാണ് അവാര്‍ഡ് നല്‍കുന്നത്.

webdesk13: