X

ഫീസ് അടച്ചില്ല; പിഞ്ചു കുഞ്ഞുങ്ങളെ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍

ട്യൂഷന്‍ ഫീസ് അടച്ചില്ലെന്നാരോപിച്ച് പിഞ്ചു കുഞ്ഞുങ്ങളെ റൂമില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതരുടെ പ്രതികാരം. 16 പെണ്‍കുട്ടികളോടാണ് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹി ചാന്ദ്‌നി ചൗക്കിലെ ഹൗസ് ഖാസിയിലെ റാബി ഗേള്‍സ് പബ്ലിക് സ്‌കൂളിലെ കിന്റര്‍ഗാര്‍ഡനിലാണ് സംഭവം. രാവിലെ ഏഴര മുതല്‍ ഉച്ചക്കു പന്ത്രണ്ടര വരെ കൂട്ടികളെ സ്‌കൂളിലെ ബേസ്‌മെന്റില്‍ പൂട്ടിയിടുകയായിരുന്നു. പൊള്ളുന്ന ചൂടില്‍ ദാഹിച്ചും വിശന്നും കുട്ടികള്‍ കരയുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

നാലിനും അഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികളോടാണ് കൊടുംക്രൂരത. ഫീസ് അടച്ച കുട്ടികളെയും പൂട്ടിയിട്ടതായി ചില രക്ഷിതാക്കള്‍ പറഞ്ഞു. ‘ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികളെ ബേസ്‌മെന്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞാന്‍ ഫീസ് അടച്ചിരുന്നതാണ്. അതും സെപ്തംബര്‍ വരെയുള്ള ഫീസ് മുന്‍കൂറായി അടച്ചിരുന്നു. എന്നിട്ടും മകളെ ശിക്ഷിച്ചു. വിശന്നും ദാഹിച്ചും തളര്‍ന്നു കരയുകയായിരുന്നു കുട്ടികള്‍. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചെങ്കിലും പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിച്ചില്ല’, ഒരു രക്ഷിതാവ് പറയുന്നു.

അതേസമയം, അമ്പതോളം കുട്ടികളെ പൂട്ടിയിട്ടിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചക്ക് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോള്‍ ക്ലാസില്‍ കുട്ടികളുണ്ടായിരുന്നില്ല. തുടര്‍ന്ന് പരാതിപ്പെട്ടപ്പോഴാണ് കുട്ടികളെ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കുട്ടികളെ പൂട്ടിയിട്ട റൂമിനു മുന്നിലെത്തിയപ്പോള്‍ ചൂടും വിശപ്പും കാരണം നിലവിളിക്കുന്ന കുഞ്ഞുങ്ങളെയാണ് കാണാനായതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 1974 സ്ഥാപിതമായ സ്‌കൂളിന്റെ പുനരുദ്ധാരണത്തിനും മറ്റുമായി വന്‍ തുകയും ഉയര്‍ന്ന ഫീസിനൊപ്പം വാങ്ങുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

കുട്ടികളെ പൂട്ടിയിട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഐപിസി 342 വകുപ്പു പ്രകാരവും ജുവനൈല്‍ ജസ്റ്റ് ആക്ട് സെക്ഷന്‍ 75 പ്രകാരവും കേസെടുത്തു. നീക്കം നടത്തിയ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റു ചെയ്തു.

Watch video: 

chandrika: