X
    Categories: MoreViews

തീവ്രവാദത്തിന് പാലൂട്ടിയത് സി.പി.എം

കെ.പി.എ മജീദ്


മുഖ്യധാരാ ജനാധിപത്യകക്ഷികളില്‍ പലരും തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ചഞ്ചലപ്പെടുമ്പോഴാണ് ആക്രമണോല്‍സുക തീവ്രവാദം ക്യാമ്പസ് യൗവനത്തെ പോലും വേട്ടയാടുന്നത്. അഭിമന്യു വധത്തിനുശേഷം മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മുമായുള്ള രാഷ്ട്രീയ ബന്ധം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടും അത് ഉപേക്ഷിക്കാന്‍ ഇപ്പോഴും സി.പി.എമ്മുകാര്‍ക്കാവുന്നില്ല എന്നതുതന്നെയാണ് തീവ്രവാദ നിലപാടിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്. ബഹുസ്വര സമൂഹത്തിനും മുസ്‌ലിംകള്‍ക്കും മുസ്‌ലിംലീഗിനുമെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കാവുന്ന ചാട്ടവാറായി സി.പി.എം ഈ സംഘടനകളെ ആവുംവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത് ശുദ്ധ കാപട്യമല്ലാതെന്താണ് ?


ഒരേ വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങള്‍ മാത്രമാണ് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകള്‍. പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനനുസരിച്ച് ഇക്കൂട്ടര്‍ പല രൂപങ്ങളില്‍ പല നാമങ്ങളില്‍ മാറുന്നു. കേരളത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന മേല്‍സംഘടനകള്‍ക്ക് പൊതുസമൂഹത്തിന്റെ ഹൃദയാന്തരങ്ങളില്‍ ഒരു തരത്തിലുള്ള സ്ഥാനവും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നത് പച്ചയായ യാഥാര്‍ത്ഥ്യം മാത്രമാണ്. എങ്കിലും വിരലിലെണ്ണാവുന്ന ഏതാനും മേഖലകളില്‍ ഇക്കൂട്ടര്‍ക്ക് നേടാനായിട്ടുള്ള തെരഞ്ഞെടുപ്പു വിജയം സി.പി.എമ്മിന്റെ തീവ്രവാദത്തോടുള്ള സന്ധിചേരലും അവസരവാദനയവും കൊണ്ടാണ്. ബഹുസ്വര സമൂഹത്തിനും മുസ്‌ലിംകള്‍ക്കും മുസ്‌ലിംലീഗിനുമെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കാവുന്ന ചാട്ടവാറായി സി.പി.എം ഈ സംഘടനകളെ ആവുംവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടാണ് തീവ്രവാദത്തിനെതിരെ സി.പി.എം വാചാലരാകുന്നത്. ഇത് ശുദ്ധകാപട്യമല്ലാതെന്താണ് ?

ശാന്തിയുടെയും സാഹോദര്യത്തിന്റെയും മതമായ ഇസ്‌ലാമിന്റെ പേരിലാണ് ഈ മൂന്നു സംഘടനകളും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത് എന്നതാണ് ഖേദകരവും ഒപ്പം കൗതുകകരവും. ജനങ്ങളെ കബളിപ്പിക്കാനായി ഇടയ്ക്ക് പരിസ്ഥിതിയും ഇരവാദവും ഇവരുയര്‍ത്തുന്നു. കലുഷിതമായ ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ അസഹിഷ്ണുത പാകി കിരാതമായ ആള്‍ക്കൂട്ടാക്രമണങ്ങള്‍ അഴിച്ചുവിട്ട് ജനാധിപത്യ- മതേതരത്വ വ്യവസ്ഥയെ അട്ടിമറിക്കുന്ന ദലിത്-ന്യൂനപക്ഷ-ദുര്‍ബല സമൂഹത്തിന്റെ അസ്തിത്വത്തിന് പോലും വെല്ലുവിളിക്കുന്ന തീവ്ര ഹിന്ദുത്വ ശക്തികളെ ഭരണഘടനാപരമായ മാര്‍ഗത്തിലൂടെ പരാജയപ്പെടുത്തുന്നതിനുപകരം അവര്‍ക്ക് പരോക്ഷമായി വളംവെക്കുകയാണ് ഈ തീവ്രവാദികള്‍. ഇരവാദമുദ്രാവാക്യങ്ങളുടെ മറപിടിച്ച് ചില അല്‍പ വികാര ജീവികളുടെ മനസ്സുകളില്‍ ഇടംപിടിക്കാന്‍ ഈ തീവ്രവാദി സംഘടനകള്‍ക്ക് താല്‍ക്കാലികമായി കഴിഞ്ഞിട്ടുണ്ടായിരിക്കാം. എന്നാലും കേരള ജനസംഖ്യയുടെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ പൊതുധാരയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ പതിറ്റാണ്ടുകളായിട്ടും ഇവര്‍ക്കായിട്ടില്ല. തിരുവില്വാമലയിലെ സിദ്ധനെ വധിച്ചതുമുതല്‍ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകംവരെ പല പേരുകളിലാണ് ഈ തീവ്രവാദ സംഘടനയുടെ ഓപറേഷനുകള്‍.

സി.പി.എമ്മാണ് ഈ സംഘടനകളെ പാലും തേനും ഊട്ടി വളര്‍ത്തുന്നതെന്ന് കഴിഞ്ഞകാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വന്തമായ രാഷ്ട്രീയ സംഘടനയും പത്രവും അതിലൂടെ നേടിയെടുക്കുന്ന ബുദ്ധിജീവി പരിവേഷവും കൊണ്ട് പൊതുസമൂഹത്തിനിടയില്‍ മാന്യമായ ഇടം നേടിയെടുക്കാനുള്ള തന്ത്രത്തിന് അരുനിന്നുകൊടുക്കുകയാണ് സി.പി.എം പോലൊരു ഇടതുപക്ഷകക്ഷി ചെയ്യുന്നതെന്നതാണ് പുരോഗമനകേരളത്തിന്റെ ദു:ഖം. കേരളത്തില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരിക്കവെ തന്നെ ഇക്കഴിഞ്ഞ ചെങ്ങന്നൂര്‍ നിയമസഭാഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ കൈമെയ്മറന്ന് പ്രവര്‍ത്തിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് സി.പി.എം നേതൃത്വം തുറന്നുപറയണം. തീവ്രവാദികളുടെ, പ്രത്യേകിച്ചും എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് ഇതുവരെ സി.പി.എം പറഞ്ഞതായി കേട്ടിട്ടില്ല. ഇടുക്കിയിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയവര്‍ക്ക് പറയാനുണ്ടായിരുന്നത് പ്രവാചകനെ അപമാനിച്ചുവെന്നതായിരുന്നു. ഒരു ചോദ്യപേപ്പറില്‍വന്ന പ്രവാചകനെതിരായി എടുത്തുചേര്‍ക്കപ്പെട്ട തെറ്റായ പരാമര്‍ശമായിരുന്നു കൊലക്ക് കാരണമെന്നായിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതിനുപിന്നില്‍ ഇസ്‌ലാമിനോടുള്ള സ്‌നേഹത്തിനപ്പുറം ഇസ്‌ലാമികാദര്‍ശങ്ങളോടുള്ള അജ്ഞതയായിരുന്നുവെന്നതാണ് സത്യം. ഈ സംഭവത്തെ അപലപിക്കാനും തീവ്രവാദികളെ അകറ്റിനിര്‍ത്താനും മുസ്‌ലിം സമുദായവും പൊതുസമൂഹവും മുന്നോട്ടുവന്നു. ഇതോടെയാണ് ഇടതുപക്ഷത്തോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നുനിന്നുകൊണ്ട് എന്തെങ്കിലും തരപ്പെടുത്താന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് തീവ്രവാദി സംഘം മുന്നോട്ടുവന്നത്. സംസ്ഥാനത്ത് മുസ്‌ലിംലീഗിന്റെ പ്രബല ശക്തിയെയും വേരോട്ടത്തെയും തടുത്തുനിര്‍ത്താന്‍ കിട്ടിയ ആയുധമെന്നുകരുതി ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.എം തെരഞ്ഞെടുപ്പുകളില്‍ ഇവരെ വന്യമായി ഉപയോഗപ്പെടുത്തി. നിയമസഭാതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും അവര്‍ എസ്.ഡി.പി.ഐയെ പരസ്യമായിതന്നെ ഉപയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കേവല ധാരണക്കപ്പുറം മുന്നണി ബന്ധങ്ങള്‍ തന്നെ ഉപയോഗിച്ചു. ഇന്നും വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.എം ഈ തീവ്രവാദസംഘടനകളുടെ പിന്തുണയോടെ ഭരിച്ചുകൊണ്ടിരിക്കുന്നു. നിയമസഭയിലെ സി.പി.എം സ്വതന്ത്രര്‍ പലര്‍ക്കും തള്ളിപ്പറയാന്‍ പറ്റാത്തവിധം താങ്ങും തണലും നല്‍കുന്നതും ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ അപലപിക്കുന്ന തീവ്രവാദികള്‍ക്കാണ്.

ഇടുക്കി വട്ടവട സ്വദേശി അഭിമന്യു എന്ന എസ്.എഫ്.ഐ നേതാവ് ജൂലൈ രണ്ടിന് അര്‍ധരാത്രി മഹാരാജാസ് കോളജില്‍ തീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ടതിന്റെ അടുത്ത മണിക്കൂറിലാണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ഇടതുമുന്നണി ഭരണം പിടിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും കൈകോര്‍ത്താണ് ചില കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരിച്ചത്. മലപ്പുറം ജില്ലയിലെ തന്നെ പറപ്പൂരില്‍ സി.പി.എം-എസ്.ഡി.പി.ഐ- പി.ഡി.പി -വെല്‍ഫയര്‍പാര്‍ട്ടി സാമ്പാര്‍ സഖ്യമാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കാലൊടി ബഷീര്‍ മാസ്റ്ററാണ് പ്രസിഡന്റ്. ഇവിടെ എസ്.ഡി.പി.ഐയുടെ അഡ്വ. സൈഫുന്നീസക്കാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവി. വിജയാഹ്ലാദ പ്രകടനത്തില്‍ സി.പി.എം നേതാക്കള്‍ക്കൊപ്പം എസ്.ഡി.പി.ഐ നേതാവ് കല്ലന്‍ അബൂബക്കര്‍ പങ്കെടുത്തത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 1995-2000 കാലത്ത് എടരിക്കോട് ഗ്രാമപഞ്ചായത്തില്‍ എന്‍.ഡി.എഫ് സുപ്രീംകൗണ്‍സില്‍ അംഗമായ വി.ടി ഇക്രാമുല്‍ഹക്കായിരുന്നു ഇടതുമുന്നണി ഭരണത്തിലെ ആദ്യ രണ്ടര വര്‍ഷക്കാലത്തെ പ്രസിഡന്റ്. ഇപ്പോള്‍ സി.പി.എം കോട്ടക്കല്‍ ഏരിയാസെക്രട്ടറി അലവിയാണ് പിന്നീട് പ്രസിഡന്റായത്. 2001ല്‍ കാവനൂര്‍ പഞ്ചായത്തില്‍ സി.പി.എം ഏരിയാകമ്മിറ്റിയംഗം ശ്രീധരന്‍ മാസ്റ്റര്‍ പ്രസിഡന്റും എന്‍.ഡി.എഫ് മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി വൈസ്പ്രസിഡന്റുമായിരുന്നു. ഒതുക്കുങ്ങല്‍, കണ്ണമംഗലം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരസ്യമായാണ് സി.പി.എം -തീവ്രവാദി കൂട്ടുകെട്ട്. പാലക്കാട് കൊപ്പത്ത് പതിനേഴാംവാര്‍ഡില്‍ മുസ്‌ലിംലീഗിനെതിരെ ഇടതു സ്വതന്ത്രന്‍ വിജയിച്ചത് എസ്.ഡി.പി.ഐ പിന്തുണയോടെയായിരുന്നു. ഇയാളിപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. ഇവിടെ തെരഞ്ഞെടുപ്പ് കണ്‍വീനറായിരുന്നു എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍. തിരുവേഗപ്പുറ അഞ്ചാം വാര്‍ഡില്‍ മുസ്‌ലിംലീഗിനെതിരെ നടന്ന പൊതുയോഗത്തില്‍ വേദി പങ്കിട്ടത് എസ്.ഡി.പി.ഐ ജില്ലാ നേതാവും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഏക എസ്.ഡി.പി.ഐ അംഗം വിജയിച്ചത് സി.പി.എം പിന്തുണയോടെയാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണയിലാണ് സി.പി.എം വിജയിച്ചത്. പരിയാരം ഗ്രാമ പഞ്ചായത്തിലും പിന്തുണ നല്‍കി. തീവ്രവാദ കൂട്ടുകെട്ടിനെതിരെ സി.പി.ഐ മലപ്പുറം ജില്ലാകമ്മിറ്റി തന്നെ പ്രമേയം പാസാക്കി. അഭിമന്യുവെന്ന സ്വന്തം പാര്‍ട്ടിയുടെ കരുത്തനായ വിദ്യാര്‍ത്ഥി നേതാവ് വധിക്കപ്പെട്ടയുടന്‍ ഈ രാഷ്ട്രീയ ബന്ധങ്ങള്‍ രായ്ക്കുരാമാനം ഉപേക്ഷിച്ചിട്ടുവേണമായിരുന്നു തീവ്രവാദത്തിനും എസ്.ഡി.പി.ഐ ആദികള്‍ക്കുമെതിരെ സി.പി.എം സംസാരിക്കേണ്ടിയിരുന്നത്.
പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സി.പി.എം അവരുടെ പക്ഷത്തായിരുന്നു. ഇതില്‍ മുസ്‌ലിംലീഗിന് സംഭവിക്കുന്ന നഷ്ടം മതേതര സമൂഹത്തിന് കൂടിയുള്ളതാണ്. രണ്ടു കൊല്ലം മുമ്പ് കുറ്റിയാടിയില്‍ മുസ്‌ലിംലീഗ്പ്രവര്‍ത്തകന്‍ നസറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരുന്നതിനെതുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുകാരായ പ്രതികള്‍ പുറത്തിറങ്ങി നടക്കുന്നു. ഒരു ഡസനിലധികം മുസ്‌ലിം ലീഗ് -യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐക്കാരുടെ ആക്രമണങ്ങള്‍ക്ക് ഇരയായത്. ഇരിട്ടിയില്‍ ജില്ലാലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരിയെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. കടങ്കോട് യൂത്ത്‌ലീഗ് ഭാരവാഹി ശരീഫിനും സമാനമായി വെട്ടേറ്റു. മുഴുപ്പിലങ്ങാട്, ചെങ്കള, മംഗലപ്പടി, മൊഗ്രാല്‍പുത്തൂര്‍ എന്നിവിടങ്ങളില്‍ മുസ്‌ലിംലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ ഇന്നും ഈ തീവ്രവാദികളുടെ ആക്രമണത്തിനിരകളായി വേദന തിന്നുകഴിയുന്നു. പലരും ആസ്പത്രികള്‍ കയറിയിറങ്ങുന്നു. പാലക്കാട്ട് ഷൊര്‍ണൂരില്‍ യൂത്ത്‌ലീഗ് നേതാവ് ഇബ്രാഹിം മേനക്കത്തെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. ചളവറ, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് നിരന്തരമായി എസ്.ഡി.പി.ഐക്കാരുടെ മര്‍ദനമേല്‍ക്കേണ്ടിവരുന്നു. പ്രതികള്‍ക്ക് സായുധ-നിയമസഹായം നല്‍കിയും പൊലീസിനെ ഉപയോഗിച്ചും രക്ഷപ്പെടുത്തുക എന്നതാണ് സി.പി.എം ശൈലി. ഇതുതന്നെയാണ് രാഷ്ട്രീയപാര്‍ട്ടിയുടെ ബാനറുപയോഗിച്ച് തീവ്രവാദികള്‍ ലക്ഷ്യമിട്ടതും ഇടതുപക്ഷത്തെ ഉപയോഗിച്ച് അവര്‍ നേടിയെടുത്തതും. ഇതെല്ലാമുള്ളപ്പോഴാണ് തീവ്രവാദികള്‍ കൊന്ന മുപ്പത്തൊന്ന് രക്തസാക്ഷികളുടെ പട്ടികയുമായി സി.പി.എം നേതാക്കള്‍ വരുന്നത്. അഭിമന്യു കൊലക്കേസില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാനാകാത്തതിന് പിന്നിലും ഈ അവിശുദ്ധ ബന്ധം സംശയിക്കപ്പെടണം. ഹാദിയ കേസില്‍ കഴിഞ്ഞവര്‍ഷം നടന്ന ഹൈക്കോടതി മാര്‍ച്ചിലെ പ്രതികളെ ഓടിച്ചിട്ടുപിടിക്കുന്ന സി.പി.എമ്മിന്റെ പൊലീസിന് എന്തുകൊണ്ട് ഇതുവരെയും അക്കാര്യം തോന്നിയില്ല. കത്വ വധക്കേസിലെ വാട്‌സ്ആപ്പ് ഹര്‍ത്താല്‍ പ്രതികളെ പിടികൂടാതിരുന്നതിനുപിന്നിലും ഈ ബന്ധംതന്നെ.

ഈ തീവ്രവാദികളുമായി കൂട്ടുകൂടുമ്പോള്‍ തന്നെയാണ് ഇതര സംഘടനകള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുരംഗത്തും ക്യാമ്പസുകളിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എം കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, ജീവിക്കാനുള്ള മൗലികാവകാശം കൂടി സി.പി.എം കാപാലികര്‍ കവര്‍ന്നെടുത്ത എത്രയെത്ര സംഭവങ്ങളുണ്ട് കേരളത്തില്‍. അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും പേരില്‍ കണക്കെടുത്താല്‍ സംസ്ഥാനത്തെ മുഖ്യപ്രതി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെയാകും. മഹാരാജാസ് കോളജില്‍ പിടികൂടിയ മാരകായുധങ്ങള്‍ വാര്‍ക്കപ്പണി ആയുധങ്ങളാണെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ നയം തന്നെയായിരിക്കുമല്ലോ സി.പി. എമ്മിനും തീവ്രവാദ വിരുദ്ധതയുടെ പേരിലുള്ളത്. രണ്ടു തോണിയിലെ കാല്‍വെപ്പാണിത്.
ബാബരി മസ്ജിദ് തകര്‍ക്കലുള്‍പ്പെടെ സംഘ്പരിവാരത്തിന്റെ കാപാലിക രാഷ്ട്രീയം തിളച്ചുമറിയുന്ന കാലത്ത് കേരളത്തെ സ്വച്ഛസുന്ദരമായി നിലനിര്‍ത്തിയതില്‍ മുസ്‌ലിംലീഗിനും അതിന്റെ മഹിതമായ നേതൃത്വത്തിനുമുള്ള പങ്ക് രാഷ്ട്രീയ എതിരാളികള്‍ പോലും തുറന്നുസമ്മതിക്കുന്നതാണ്. എന്നിട്ടും പള്ളി തകര്‍ക്കപ്പെട്ട് വിങ്ങുന്ന മനസ്സുമായി കഴിയുന്ന ജന സമൂഹത്തിന് നേരെ തീവ്രവാദത്തിന്റെ വിത്തുമായി വന്നവരെ പാലൂട്ടി സല്‍കരിച്ചത് സി.പി.എം ആയിരുന്നു. ഒറ്റപ്പാലം, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുകളിലും നിയമസഭാതെരഞ്ഞെടുപ്പുകളിലും ഇവര്‍ തീവ്രവാദത്തെ അളവറ്റ് താലോലിച്ചു. കേവലമായ വോട്ടുപിടിത്തത്തിനും അധികാരലബ്ധിക്കും വേണ്ടി മാത്രമായിരുന്നു അത്. 2009ല്‍ പൊന്നാനി ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പരസ്യമായി വേദിപങ്കിട്ടതും ഇതേ തീവ്രവാദവുമായായിരുന്നു. മുഖ്യധാരാ ജനാധിപത്യകക്ഷികളില്‍ പലരും തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ചഞ്ചലപ്പെടുമ്പോഴാണ് ആക്രമണോല്‍സുക തീവ്രവാദം ക്യാമ്പസ് യൗവനത്തെ പോലും വേട്ടയാടുന്നത്. അഭിമന്യു വധത്തിനുശേഷം മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്അബ്ദുല്‍ മജീദ് ഫൈസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മുമായുള്ള രാഷ്ട്രീയ ബന്ധം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടും അത് ഉപേക്ഷിക്കാന്‍ ഇപ്പോഴും സി.പി.എമ്മുകാര്‍ക്കാവുന്നില്ല എന്നതുതന്നെയാണ് തീവ്രവാദ നിലപാടിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്.

chandrika: