X

മാലദ്വീപ്: ഇന്ത്യന്‍ ഇടപെടലിനെതിരെ ചൈനയുടെ മുന്നറിയിപ്പ്

 

മാലെ: അടിയന്താരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഇടപെട്ടാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയേ ഉള്ളൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷൂവാങ് പറഞ്ഞു. മാലദ്വീപിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ട് ക്രിയാത്മമായ നീക്കങ്ങള്‍ക്കാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ച് കസ്റ്റഡിയിലെടുത്ത സുപ്രീംകോടതി ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കാന്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്ന് ശ്രീലങ്കയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെയും മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഗയൂമിനെയും അറസ്റ്റ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബന്ധപ്പെട്ട കക്ഷികള്‍ ആഭ്യന്തര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് ചൈനയുടെ നിലപാടെന്നായിരുന്നു ഷുവാങിന്റെ മറുപടി. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ചൈന അബ്ദുല്ല യമീനോട് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പ്രസിഡന്റ് യമീന് തന്ത്രപരമായി പിന്തുണ നല്‍കുകയാണ് മലദ്വീപിലെ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

മാലദ്വീപില്‍ ചൈനക്ക് വന്‍ നിക്ഷേപമുണ്ട്. ഫെബ്രുവരി 15ന് ചൈനീസ് ന്യൂ ഇയര്‍ ഹോളിഡേ ആരംഭിക്കാനിരിക്കെ മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ചൈന പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. സില്‍ക്ക് റൂട്ട് പദ്ധതിയെ മാലദ്വീപ് പ്രശ്‌നങ്ങള്‍ പ്രതികൂലമായി ബാധിക്കുമോ എന്ന് ചൈനക്ക് ആശങ്കയുണ്ട്. അതേസമയം രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് റദ്ദാക്കി. നശീദിനെ കുറ്റമുക്തനാക്കുകയും തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ രണ്ടുപേരെ അറസ്റ്റ് ചെയ്ത ശേഷം ബാക്കിയുള്ള മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്നാണ് പ്രസിഡന്റ് യമീന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

chandrika: