X
    Categories: Views

ഇരട്ട നീതിയല്ല, ഇത് കൊടിയ അനീതി

കെ.പി.എ മജീദ്

‘ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നു കരുതി ജൗഹര്‍ മുനവ്വറിനെതിരെ കേസ്സെടുക്കാന്‍ പാടില്ലെന്നുണ്ടോ; നിയമ വിരുദ്ധ നടപടികള്‍ക്കെതിരായ കേസ്സും അറസ്റ്റും ഇരട്ട നീതി എന്ന നിലയില്‍ വ്യാഖ്യാനിച്ച് രക്ഷാകവചമൊരുക്കുകയാണ് മുസ്‌ലിംലീഗ്’. എങ്ങനെയുണ്ട് ഇരയുടെ രോദനത്തെ മറച്ചുപിടിക്കാനുള്ള വേട്ടക്കാരുടെ പുതിയ തന്ത്രം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് എതിരായ വിവേചനവും വേട്ടയാടലും തുടര്‍ക്കഥയാകുമ്പോള്‍ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാനാണ് ഇത്തരം പ്രചണ്ഡമായ പ്രചാരണങ്ങള്‍. നായനാര്‍ സര്‍ക്കാര്‍ അറബി-ഉര്‍ദു-സംസ്‌കൃതം ഭാഷാ പഠനവും അതുവഴി സാധ്യമാകുന്ന ധാര്‍മ്മിക ബോധനവും ഇല്ലായ്മ ചെയ്യാന്‍ ഒരുക്കിയ കെണിയെയും ഇതുപോലെയാണ് ന്യായീകരിച്ചിരുന്നത്. നിശ്ചിത യോഗ്യതയും സൗകര്യവും താല്‍പര്യവും മാനദണ്ഡമാക്കുമ്പോള്‍ മുസ്്‌ലിംലീഗ് എന്തിനാണ് ബേജാറാവുന്നത് എന്നായിരുന്നു ചോദ്യം.

ഇ.എം.എസിന്റെ ബുദ്ധിയും നായനാരുടെ ഭരണ നൈപുണ്യവും ഇഴചേര്‍ന്ന 1980ലെ കുടിലത വലിച്ചുകീറിയ ചരിത്രം പിണറായിക്കും അറിയാതിരിക്കില്ല. മദ്രസ്സാ പഠനം അട്ടിമറിക്കാന്‍ സ്‌കൂള്‍ സമയ മാറ്റത്തിന് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും പ്രത്യക്ഷത്തില്‍ ലളിതമെന്ന് തോന്നിപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു സി.പി.എമ്മുകാരുടെ തുറുപ്പ്. വര്‍ഗീയ വിഷം ചീറ്റി കേരളത്തിലെ സമാധാനം തകര്‍ക്കുന്ന ശശികലയെയും ഗോപാലകൃഷ്ണനെയും കയറൂരിവിടുന്നവര്‍ എം.എം അക്ബറിനെയും മുസ്്‌ലിം പ്രബോധകരെയും ദലിത്-ആദിവാസി പ്രവര്‍ത്തകരെയും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നത് ലളിതമല്ല.

വര്‍ഗീയ വിഷം ചീറ്റുന്ന ഗരുതുര കുറ്റം ചെയ്തവരെ സ്വതന്ത്രമായി വിഹരിക്കാന്‍ അവസരമൊരുക്കുന്ന ഭരണകൂടം നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്തവരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന കൊടിയ മനുഷ്യാവകാശ ധ്വംസനമാണ് ആവര്‍ത്തിക്കുന്നത്. ഇരട്ട നീതി എന്ന പ്രാഥമിക തലത്തില്‍ നിന്ന് കൊടിയ അനീതി എന്ന വിതാനത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എല്‍.ഡി.എഫ് മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രകാശനം ചെയ്ത ലഘുലേഖ വിതരണം ചെയ്ത പറവൂരിലെ മുസ്‌ലിം പ്രബോധകരെ സംഘ്പരിവാര്‍ കായികമായി നേരിട്ടത് കേരളം കണ്ടതാണ്. പൊലീസ് സ്റ്റേഷനു മുമ്പില്‍ വെച്ച് മര്‍ദ്ദനമേറ്റ അവരെ ലോക്കപ്പിലേക്കും ജയിലിലേക്കും തള്ളി അക്രമികളെ വിട്ടയച്ചതിനെ എന്തു പറഞ്ഞാണ് ന്യായീകരിക്കുക. ഇന്നും കോടതിയും കേസ്സുമായി അവര്‍ പീഡനം അനുഭവിക്കുന്നു. ജാമ്യം കിട്ടുന്ന വകുപ്പില്‍ അറസ്റ്റിലായ എം. എം അക്ബര്‍ എത്ര ദിവസങ്ങളാണ് ജയിലില്‍ കഴിഞ്ഞത്. കേരള പൊലീസിന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെയാണ് കോടതി അദ്ദേഹത്തിന് ഉപാധിയോടെ ജാമ്യം നല്‍കിയത്.

ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസര്‍കോട്ട് പ്രകടനം നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞ് രാജ്യദ്രോഹകുറ്റം ചുമത്തുമ്പോള്‍ പൊലീസ് വീഴ്ചയാണെങ്കില്‍ കേസ്സ് പിന്‍വലിക്കുകകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സമാന സംഭവത്തില്‍ വയനാട്ടില്‍ സമസ്ത നേതാക്കള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ പിണറായി പൊലീസിന്റേത് ആകസ്മിക നടപടികളല്ലെന്ന് വ്യക്തമാണ്.

ന്യൂനപക്ഷ സംരക്ഷണത്തിന്റെ തലശ്ശേരി കലാപത്തിന്റെ നൂറ്റൊന്ന് ആവര്‍ത്തിച്ച നുണക്കഥ കള്ളുഷാപ്പിലെ അടിപിടിക്കേസിലെ രക്തസാക്ഷിത്വമായിരുന്നുവെന്ന സത്യം കൂടുതല്‍ വ്യക്തമായി. വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ അക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയതാണ്. നാദാപുരത്തും തൂണേരിയിലും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും കമ്യൂണിസ്റ്റുകള്‍ മുസ്്‌ലിം സമൂഹത്തിന്റെ സ്വത്വം നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പുലാമന്തോളിലെ ഇ.എം.എസ് പള്ളിയെന്ന കെട്ടുകഥകൊണ്ട് ലഘൂകരിക്കാനാവില്ല.

പാര്‍ട്ടിയും സര്‍ക്കാരും പൊലീസും ഒരേ ദിശയില്‍ നീങ്ങുമ്പോള്‍ മുസ്‌ലിം-ദലിത്-പിന്നാക്ക ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാവുകയാണ്. അവിടെ സംരക്ഷകന്റെ റോളിലും മുതലെടുപ്പിന് അതേ സംഘടന തന്നെ തക്കം പാര്‍ത്തെത്തുന്നുവെന്ന വിരോധാഭാസവുമുണ്ട്. അഖ്‌ലാഖുമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ ഷുക്കൂറിന്റെയും ഷുഹൈബിന്റെയും അസ്്‌ലമിന്റെയുമൊക്കെ ചോരക്ക് കണക്കുപറയേണ്ടവരാണ്. ആ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിച്ച് വെല്ലുവിളിക്കുന്നതിനെയും സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ഭരണകൂടം തുറന്ന പോരാട്ടം നടത്തുന്നതിനെയും എന്തു പേരിട്ടാണ് വിളിക്കുക.

അറബി പദങ്ങളോ മുസ്്‌ലിം നാമങ്ങളോ പ്രതീകങ്ങളോ മതവിരോധത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ കെട്ടിപ്പൊക്കിയ വൈരുധ്യാധിഷ്ടിത ഭൗതികവാദക്കാരായ കമ്യൂണിസ്റ്റുകള്‍ക്ക് ഭയപ്പാടുണ്ടാക്കുന്നത് സ്വാഭാവികമാണ്. മതത്തിന് എതിരായ പ്രചാരണത്തിനും നിലപാടുകള്‍ക്കും അവര്‍ താല്‍ക്കാലിക അടവു നയമായി സ്വീകരിച്ച ഇന്ത്യന്‍ ജനാധിപത്യത്തില്‍ അവസരവുമുണ്ട്. എന്നാല്‍, മത വിശ്വാസത്തിനും ആചാരാത്തിനും പ്രചാരണത്തിനും ഇന്ത്യന്‍ ഭരണഘടന അവകാശം ഉറപ്പാക്കുന്നുണ്ട് എന്ന് അവര്‍ മറന്നു പോകുന്നുവെന്നതാണ് വസ്തുത.

കമ്യൂണിസ്റ്റുകളുടെ ആശയങ്ങള്‍ സമാധാനത്തോടെ പ്രചരിപ്പിക്കാന്‍ അവസരം നിഷേധിച്ചാല്‍ അതിനെതിരെയും ശക്തമായി മുന്നില്‍ നില്‍ക്കാന്‍ മുസ്്‌ലിംലീഗിന് മടിയില്ല. മതവിശ്വാസ പ്രചാരണത്തിന് തടയിടാന്‍ ഒളിഞ്ഞും തെളിഞ്ഞും അധികാരവും സ്വാധീനവും ഉപയോഗിക്കുന്നതിനെ തുറന്ന് എതിര്‍ക്കാനും ബാധ്യതയുണ്ട്. വിഷയത്തിന്റെ മര്‍മ്മം അവിടെയാണ്. ഇസ്്‌ലാമിക പ്രബോധകരെ വേട്ടയാടുന്ന ഏഴാം നൂറ്റാണ്ടിലെ പ്രാകൃത പ്രത്യയശാസ്ത്രമാണ് എല്ലാ പ്രശ്‌നത്തിനും ഉത്തവാദിയെന്നു വാറോലയിറക്കുന്ന സി.പി.എമ്മുകാരെ എങ്ങനെയാണ് സമുദായം വിശ്വാസത്തിലെടുക്കുക.

ഏറ്റവും ഒടുവില്‍, ഫാറൂഖ് കോളജ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വര്‍ ഒരു മതസംഘടനയുടെ സ്വകാര്യ ചടങ്ങില്‍ ധാര്‍മ്മിക ഭാഷണം നിര്‍വഹിച്ചത് പൊക്കിപ്പിടിച്ചാണ് വിവാദവും കോലാഹലവും സൃഷ്ടിച്ചത്. ഒരു ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയായിരുന്നു. പ്രസംഗം മൊത്തത്തില്‍ കേട്ടതോടെ അതില്‍ അശ്ലീലമോ സ്ത്രീ വിരുദ്ധമോ ആയ ഒന്നുമില്ലെന്ന് വിവാദത്തില്‍ പങ്കെടുത്ത പലരും പിന്നീട് തിരുത്തുകയുണ്ടായി. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കുമെന്നാണല്ലോ ചൊല്ല്.

ഇസ്്‌ലാമിലെ പുരുഷന്റെയും സ്ത്രീയുടെയും വേഷങ്ങളെ കുറിച്ച് ഖുര്‍ആന്‍ വാക്യങ്ങള്‍ ഉരുവിട്ട് ഉദ്‌ബോധനം നടത്തുന്ന ജൗഹര്‍ ഉപമാലങ്കാരമായി ഉപയോഗിച്ച ഒരു വാക്കിനെ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ട്രെയിനിങ് കോളജ് ഫാറൂഖ് കോളജിന്റെ അനുബന്ധ സ്ഥാപനമാണ് എന്നത് തീയിലേക്ക് എണ്ണയാക്കാന്‍ പര്യാപ്തമായെന്നുമാത്രം. കഴിഞ്ഞ വര്‍ഷം ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍സോണ്‍ ചാമ്പ്യന്മാരായപ്പോള്‍ എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ട്രോഫി നല്‍കാതെ തല്ലിയോടിച്ചതിനെ ന്യായീകരിക്കുന്നതും പുരോഗമനമാണല്ലോ.

ജൗഹര്‍ മുനവ്വറിനെതിരെ കോളജിലെ ഒരു വിദ്യാര്‍ത്ഥിനി പരാതി നല്‍കിയാല്‍ കേസ്സെടുക്കാതിരിക്കാനാവുമോ എന്നതാണ് ചോദ്യം. ആ വിദ്യാര്‍ത്ഥിനിയും പിതാവും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടേറിയറ്റ് അംഗം കുഞ്ഞിക്കണ്ണനുമായി ചര്‍ച്ച നടത്തിയാണ് പരാതി തയ്യാറാക്കിയത്. നടക്കാവ് സ്റ്റേഷനിലേക്ക് സി.പി.എം നേതാക്കള്‍ക്കൊപ്പം പോയി പരാതി നല്‍കിയതും കൊടുവള്ളിയിലേക്ക് റഫര്‍ചെയ്ത് രായ്ക്കുരാമാനം കേസ്സെടുത്തതുമെല്ലാം ഒരു വിദ്യാര്‍ത്ഥിനിയുടെ മാത്രം അക്കൗണ്ടില്‍ ഒതുങ്ങുന്നതല്ല.

എല്ലാ മതത്തിലും ജാതിയിലും വിവിധ ആചാര അനുഷ്ഠാനങ്ങളുണ്ടെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതു പറയാനും ഉപദേശിക്കാനും അവകാശമുള്ളപോലെ തിരസ്‌കരിക്കാനും അവകാശമുണ്ട്. ഒരു മതത്തില്‍ നിന്ന് വേറൊന്നിലേക്ക് മാറാനും മതരഹിതമാവാനുമൊക്കെ ഇവിടെ തടസ്സമില്ല. മേത്തര്‍ എന്ന് പേരിന് വാല്‍വെച്ചവര്‍ക്കും ജൗഹര്‍ മുനവ്വറിന്റെ പ്രഭാഷണം തിരസ്‌കരിക്കാം. എന്നാല്‍, മതം പറഞ്ഞാല്‍ കേസ്സെടുക്കും എന്ന ധാഷ്ട്യം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മറക്കരുത്.

പരീക്ഷാ ഹാളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കാതെ കണ്ണീര്‍ പൊഴിച്ചപ്പോള്‍ ആ സ്ത്രീ സ്വാതന്ത്ര്യ സംരക്ഷകര്‍ എവിടെയായിരുന്നുവെന്നൊന്നും ചോദിക്കുന്നില്ല. പക്ഷെ, ഹിജാബ് ധരിച്ച് #ാഷ് മോബ് കളിച്ചതിനെ ആരോ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതായി ആരോപിച്ച് പ്രതിഷേധ #ാഷ്‌മോബും നിലവിളക്ക് കൊളുത്താതിരിക്കലാണ് വ്യക്തിപരമായി തന്റെ നിലപാടെന്ന് പ്രഖ്യാപിച്ച മന്ത്രിക്കെതിരെ പ്രതിഷേധ നിലവിളക്കും കൊളുത്തിയവര്‍ പ്രതിഷേധ ഹോളി ആഘോഷവും തണ്ണിമത്തന്‍ തീറ്റ മത്സരവും സംഘടിപ്പിക്കുന്നതുമെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പറ്റ് പുസ്തകത്തിന്റെ ഏതു പേജിലാണ് വരവുവെക്കേണ്ടതെന്ന് അറിയില്ല.

വിദ്യാഭ്യാസ അവകാശ നിഷേധത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമ്പോള്‍ ഉന്നം വെക്കുന്നതും ന്യൂനപക്ഷ ശാക്തീകരണം തടയുക എന്നതു തന്നെയാണ്. 2015ല്‍ പാസാക്കിയ നിയമം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അടിസ്ഥാന സൗകര്യവും മറ്റും പാലിച്ച് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് താഴിടുമ്പോള്‍ ആറു ലക്ഷം വിദ്യാര്‍ത്ഥികളും അരലക്ഷം അധ്യാപക-അനധ്യാപകരും വഴിയാധാരമാവും.

ന്യൂനപക്ഷ-പിന്നാക്ക-ദലിത് സ്വത്വം നശിപ്പിക്കുന്നവര്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രചാരകരാവുമ്പോള്‍ രാജ്യത്തിന്റെ പൈതൃകവും കേരളത്തനിമയുമാണ് കൈമോശം വരിക. ധാര്‍മ്മിക ബോധത്തിന്റെ പ്രചാരകരാവേണ്ട സ്ഥാപനങ്ങളെയും അധ്യാപക സമൂഹത്തെയും അപഹസിക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യക്കാരുടെ കയ്യടി ലഭിക്കുമായിരിക്കും. ആത്യന്തികമായി അവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യും. നമ്മുടെ സമൂഹം ആര്‍ജ്ജിച്ച നല്ല ശീലങ്ങളെയും ചിന്തകളെയും പരിപോഷിപ്പിക്കുന്നവര്‍ക്ക് ഉറച്ച പിന്തുണ നല്‍കാന്‍ സമൂഹത്തിനാവണം.

chandrika: