X

സി.കെ ജാനുവിനെ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സി.കെ ജാനുവിനെ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ഇടത് നേതാക്കള്‍ക്കിടയില്‍ ആലോചന. പാര്‍ട്ടി സീറ്റില്‍ ജാനുവിനെ മത്സരിപ്പിക്കുന്നതില്‍ സി.പി.ഐക്കും എതിര്‍പ്പില്ലെന്നാണ് വിവരം. ജാനു ഇടതുമുന്നണിയിലേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്‍.ഡി.എ വിട്ട ശേഷം സി.കെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി എ.കെ ബാലനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. മുന്നണിയില്‍ കക്ഷിയാക്കണമെന്നും ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം വേണമെന്നുമാണ് ജാനു ഉന്നയിച്ച ആവശ്യം.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനം സിപിഐ നേതൃത്വം തന്നെ ജാനുവിന് നല്‍കിയതായാണ് സൂചന. അതേസമയം, മുന്നണി പ്രവേശന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ വനിതാ മതില്‍ സംഘാടക സമിതി യോഗത്തില്‍ ജാനു പങ്കെടുത്തിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് യോഗം ചേരുന്ന പശ്ചാത്തലത്തില്‍ സിപിഐ നിര്‍ദ്ദേശ പ്രകാരം ജാനു ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു.

chandrika: