X

മേഘവിസ്‌ഫോടനം: ഹൈദരാബാദില്‍ ഏഴ് മരണം

ഹൈദരാബാദ്: കനത്ത മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം ഹൈദരാബാദിലും പരിസരങ്ങളിലും കനത്ത നാശം വിതച്ചു. മഴക്കെടുതികളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് മിന്നല്‍ പ്രളയമുണ്ടായത്. രണ്ട് മണിക്കൂറിനിടെ 13.25 സെന്റീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്. വീടിന്റെ ചുമരിടിഞ്ഞ് വീണ് പിതാവും കുട്ടിയും മരിച്ചപ്പോള്‍ ഒരാള്‍ ഷോക്കേറ്റും നാലു പേര്‍ മിന്നലേറ്റുമാണ് മരിച്ചത്.

അപ്രതീക്ഷിതമായുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തിലായതിനെ തുടര്‍ന്ന് ഐടി ഹബ്ബ്കൂടിയായ ഹൈദരാബാദില്‍ നൂറുകണക്കിനാളുകളാണ് കുടുങ്ങിയത്. സെക്കന്തരാബാദിനേയും ബഞ്ചാര ഹില്‍സിനേയും ബന്ധിപ്പിക്കുന്ന പഞ്ചഗുട്ട മേല്‍പാലം മഴയില്‍ മുങ്ങിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മഴയെ തുടര്‍ന്ന് തെലുങ്കാന സര്‍ക്കാര്‍ ഇന്നലെ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

chandrika: