X

ചെമ്പരിക്ക ഖാസിയുടെ മരണം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കാസര്‍കോട്: സമസ്തയുടെ സീനിയര്‍ വൈസ് പ്രസിഡണ്ടും മംഗലാപുരം- കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി.

യൂത്ത് ലീഗ് ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ ദാമോദരന്റെയും കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ട നീലേശ്വരത്തെ ഓട്ടോകാരനും ആദൂര്‍, പരപ്പ സ്വദേശിയുമായ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ഖാസിയുടെ മരണം തെക്കന്‍ കേരളത്തിലെ ക്വട്ടേഷന്‍ സംഘം ഏറ്റെടുത്ത് നടത്തിയ കൊലപാതകമാണെന്നും തന്റെ പക്കല്‍ കൂടുതല്‍ തെളിവുകളുണ്ടെന്നും സംരക്ഷണം തന്നാല്‍ അവ വെളിപ്പെടുത്താമെന്നും പറയുന്ന ഒരു ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനാണ് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് മുങ്ങിയതായും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായും അന്വേഷണ സംഘം പറഞ്ഞു. ഇയാളെ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ എന്താണെന്ന് കണ്ടെത്താ ന്‍ കഴിയുകയുള്ളൂ. ടെലഫോണ്‍ വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കപ്പെട്ട നീലേശ്വരത്തെ എ.എസ്.ഐ, അഷ്‌റഫിന്റെ ഭാര്യാ പിതാവ് സുലൈമാന്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. തെക്കന്‍ കേരളത്തില്‍ നിന്നും വന്ന രണ്ടംഗ സംഘമാണ് ക്വട്ടേഷന്‍ നടപ്പാക്കിയതെന്നും ഖാസിയുടെ മരണത്തിന് തലേന്ന് ഉള്‍പ്പെടെ പലവട്ടം ചെമ്പരിക്കയിലെത്തിയ ഇവരെ ഓട്ടോറിക്ഷയില്‍ കൊണ്ടുവിട്ടത് താനാണെന്നും ഓഡിയോ സംഭാഷണത്തില്‍ പറയുന്നുണ്ട്.

ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചതും വേണ്ട സഹായങ്ങള്‍ ചെയത് നല്‍കിയതും തന്റെ ബന്ധുവാണ്. സത്യം പുറത്ത് വന്നാല്‍ ഒരു എ.എസ്.ഐ ഉള്‍പ്പെടെ സംഭവത്തില്‍ നിരവധി പേര്‍ പ്രതിയാകും. സുരക്ഷ ഉറപ്പുനല്‍കുകയാണെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നിലോ പൊതുജനമധ്യത്തിലോ ഇതേ കുറിച്ച് തുറന്നു പറയാന്‍ തയാറാണെന്നും ഓഡിയോ ക്ലിപ്പിലുണ്ട്. 2010 ഫെബ്രുവരി 15നാണ് ഖാസി സി.എം അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലിസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷണം നടത്തിയിരുന്നെങ്കിലും മരണത്തിലെ ദുരൂഹത കണ്ടെത്താനായിരുന്നില്ല.

സി.ബി.ഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ ഖാസിയുടെ ബന്ധുക്കളോ പൊതുസമൂഹമോ തയാറായിട്ടുമില്ല. ഖാസിയുടെ ദുരൂഹ മരണം സംബന്ധിച്ച് ഹൈക്കോടതിയിലും വിചാരണ കോടതിയിലും കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫിയും ബന്ധുക്കളും വിവിധ ആക്ഷന്‍ കമ്മിറ്റികളും നിയമ പോരാട്ടങ്ങള്‍ നടത്തിവരികയാണ്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ സി.ബി.ഐ സംഘം കൃത്യമായി അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സി.എ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹരജി 28ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ണായക ഫോ ണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത്.

ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം – സമസ്ത

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണം നടത്തി ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലെ ശ്രമം നടത്തിയിരുന്നു എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.

മൗലവി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും സമസ്തയും പോഷക സംഘടനകളും മൗലവിയുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞിട്ടും ശരിയായ ദിശയില്‍ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചെത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. മൗലവിയുടേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യം ബലപ്പെടുത്തുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ എന്നത് ഏറെ ആശ്വാസകരമാണെന്നും നേതാക്കള്‍ പറഞ്ഞു.

chandrika: