X

മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കില്‍ സ്വപ്‌ന വന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍; പാര്‍ട്ടിക്കും സര്‍ക്കാറിനും നെഞ്ചിടിപ്പ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പുയര്‍ത്തി വീണ്ടും സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ സ്വപ്‌നയും സരിത്തും വന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. ഇതോടെ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എക്ക് സെക്രട്ടറിയേറ്റില്‍ നിന്ന് മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പകര്‍ത്തി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്നാണ് സൂചന.

2019 ജൂലൈ മുതല്‍ 2020 ജൂലൈ അഞ്ചു വരെയുള്ള ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ സംഘം സെക്രട്ടറിയേറ്റില്‍ നേരിട്ടെത്തി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു. പൊതുഭരണവകുപ്പ് ഹൗസ് കീപ്പിങ്ങ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പി.ഹണിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

തൊട്ടടുത്ത ദിവസം തന്നെയാണ് ദര്‍ബാര്‍ ഹാളിന് പിന്‍വശത്തുള്ള കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ ദിനങ്ങളിലെ വീഡിയോ ഫൂട്ടേജുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. പ്രതികളായ സ്വപ്‌ന, സരിത്ത് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ വന്നുപോകുന്ന ദൃശ്യങ്ങള്‍ ആദ്യ പരിശോധനയില്‍ തന്നെ കണ്ടെത്തുകയും ചെയ്തു. ഇവരോടൊപ്പം സെക്രട്ടറിയേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചു. ഇതോടെ ദൃശ്യങ്ങള്‍ ഉടന്‍ കൈമാറേണ്ടതില്ലെന്നു മുകളില്‍ നിന്ന് നിര്‍ദ്ദേശമെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിനു മുകളിലാണ് എം.ശിവശങ്കറിന്റേയും ഓഫിസുള്ളത്.

സ്വപ്‌നയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കണ്‍ട്രോള്‍ റൂമില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സെക്രട്ടറിയാണ് ഹൗസ്‌കീപ്പിങ്ങിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി. ദൃശം ആവശ്യപ്പെട്ട് എന്‍.ഐ.എ വീണ്ടും കത്തു നല്‍കിയാല്‍ ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Test User: