X

തലമുറകളിലൂടെ പടരുന്ന തണുത്ത കാറ്റ്- ഷെരീഫ് സാഗര്‍

ഷെരീഫ് സാഗര്‍

ഓര്‍മകളുടെ ജാലകം തുറന്ന്, തണുത്ത മഴക്കാറ്റ് പോലെ ആ സാന്നിധ്യം നമ്മെ തൊടുന്നു. തിരശ്ശീല നീര്‍ത്തി ആ മുഖമിങ്ങനെ തെളിഞ്ഞുവരുന്നു. പി.എം ഹനീഫ് ഓര്‍മയായിട്ട് ഒമ്പത് വര്‍ഷം കടന്നുപോയി. കാലമെത്ര കഴിഞ്ഞാലും മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥി, യുവജന രാഷ്ട്രീയ ചരിത്രത്തില്‍ ആ പേര് നക്ഷത്രം പോലെ തിളങ്ങുകയാണ്. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും സൗമ്യമായ ആ മുഖം ഒരിക്കലും മറക്കാനാവില്ല. ഒരിക്കലെങ്കിലും തമ്മില്‍ കണ്ടവരോ സംസാരിച്ചവരോ സദാ പുഞ്ചിരി തൂകുന്ന ആ മുഖം പിന്നെയും ഓര്‍ക്കാതിരിക്കില്ല.

ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോഴേ ഹനീഫ് എം.എസ്.എഫില്‍ സജീവമായിരുന്നു. സ്‌കൂള്‍ പാര്‍ലമെന്റിന്റെ മലപ്പുറം ജില്ലാ ലീഡര്‍ പദവിയാണ് ഹനീഫ് ആദ്യം വഹിച്ച സ്ഥാനം-1987ല്‍. പിന്നീട് പെരിന്തല്‍മണ്ണ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി (1998), സംസ്ഥാന ട്രഷറര്‍ (2001), സംസ്ഥാന ജനറല്‍ സെക്രട്ടറി (2004), മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി (2007), യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ (2011) എന്നീ പദവികളാണ് ഹനീഫിനെ തേടിയെത്തിയത്. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിലെ സ്റ്റുഡന്റ് എഡിറ്ററും രണ്ടു തവണ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായിരുന്നു. കുറഞ്ഞകാലം കൊണ്ടുതന്നെ കൂടുതല്‍ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ഹനീഫ്. കില റിസോഴ്‌സ് ഗ്രൂപ്പ് ചീഫ് കോര്‍ഡിനേറ്റര്‍, സംസ്ഥാന സാക്ഷരതാമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍, തൂലിക എഡിറ്റര്‍ എന്നീ പദവികളും ഹനീഫിനെ തേടിയെത്തി.

എം.എസ്.എഫിന്റെ ചരിത്രത്തിലെ ഏറ്റവും ശോഭയേറിയ കൊര്‍ദോവ സമ്മേളനത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു. എം.എസ്.എഫില്‍നിന്ന് യൂത്ത്‌ലീഗിലെത്തിയപ്പോഴും ഹനീഫിന്റെ ചിന്തകളും വിചാരങ്ങളും പാര്‍ട്ടിക്ക് കരുത്തായി. യൂത്ത്‌ലീഗിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ഇടപെടലുകളിലെല്ലാം അദ്ദേഹത്തിന്റെ കൈയും തലയും ഒരുപോലെ പ്രവര്‍ത്തിച്ചു. ചുമതലകള്‍ കൈമാറിക്കൈമാറി ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്ന നേതാവായിരുന്നില്ല ഹനീഫ്. ഓരോ ജോലിയിലും മുഴുകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ഇടിച്ചുകയറി നേതാവാകുന്നവരുടെ കൂട്ടത്തിലും പി.എം ഹനീഫ് ഉണ്ടായിരുന്നില്ല. മാരകമായ വേദനകളെയെല്ലാം മാന്യമായ പുഞ്ചിരിയില്‍ അടക്കാനുള്ള അസാമാന്യ വിരുത് ജീവിതത്തിലുടനീളം കാണിച്ചു. സംഘടനാപ്രവര്‍ത്തനം ഹനീഫിന് നേരമ്പോക്കായിരുന്നില്ല. സഹായത്തിന് അഭ്യര്‍ഥിച്ച് വന്നവരെയൊന്നും മടക്കിയയച്ചില്ല. ചെയ്യാനാവുന്നതൊക്കെ ചെയ്തുകൊടുത്തു.

നിലവാരമുള്ള വായനയാണ് ഹനീഫിന്റെ ചിന്തകളെ തെളിച്ചമുള്ളതാക്കിയത്. ഏതു യാത്രയിലും കൈയിലോ പെട്ടിയിലോ പുസ്തകങ്ങളുണ്ടാകും. പുസ്തകങ്ങള്‍ കൂടെയില്ലാത്ത ഹനീഫിനെ ഒരിക്കലും കണ്ടിട്ടില്ല. ആവശ്യത്തില്‍ കവിഞ്ഞ് ഒരു വരിപോലുമില്ലാത്ത എഴുത്തുകള്‍, അളന്നു മുറിച്ച സംസാരം എന്നിവ പ്രത്യേകതകളായിരുന്നു. ഏതു വേദിയിലും പ്രസംഗങ്ങള്‍ കുറിച്ചെടുത്ത്, സ്വന്തം ചിന്തകള്‍ അവതരിപ്പിക്കുകയും സംശയ നിവാരണം വരുത്തുകയും ചെയ്യുക പതിവായിരുന്നു.

ഏതൊരു പ്രതിസന്ധി ഘട്ടങ്ങളെയും സ്വതസിദ്ധമായ പുഞ്ചിരി കൊണ്ടാണ് നേരിട്ടത്. പൊതുപ്രവര്‍ത്തനത്തിനുവേണ്ടി ജീവിതത്തെ മാറ്റിവെച്ച് ത്യാഗം സഹിക്കുമ്പോഴും ചിരിക്കാനുള്ള കഴിവായിരിക്കാം ഹനീഫിനെ സംഘടനാ ബന്ധുക്കളുടെ മറക്കാനാവാത്ത കൂട്ടുകാരനാക്കിയത്. വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചത്. ശരിയെന്നു തോന്നുന്നതില്‍ ഉറച്ചുനില്‍ക്കാനും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതിരിക്കാനും ശ്രദ്ധിച്ചു.

കുടുംബക്കാര്‍ക്കും അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അവരുടെ പ്രിയപ്പെട്ട ‘മാനു’വായിരുന്നു. പെരുമാറ്റത്തിലെ വിനയമായിരുന്നു മുഖമുദ്ര. എവിടെച്ചെന്നാലും അദ്ദേഹത്തെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരും, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവരും ധാരാളമുണ്ടായിരുന്നു. ഒരാളോടും ശത്രുത വെച്ചുപുലര്‍ത്തിയില്ല. ആര്‍ക്കും പാരയായില്ല. പുതിയ ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും മുന്നില്‍ നിന്നു.

ചിലര്‍ അങ്ങനെയാണ്. കാലത്തിന്റെ ചുവരില്‍ മായ്ക്കാനാവാത്ത നന്മയുടെ ചിത്രങ്ങള്‍ വരച്ചുവെച്ച് പെട്ടെന്ന് പിന്‍വാങ്ങും. ഭൂമിയില്‍ വിശുദ്ധമായ ഓര്‍മകളുടെ സുഗന്ധങ്ങള്‍ നിറച്ച് എന്നുമെന്നും പൂത്തുകൊണ്ടിരിക്കും. തനിക്കുശേഷം പ്രളയമാവാന്‍ പാടില്ലെന്നും വരുംതലമുറക്കു വേണ്ടി കരുതിവെപ്പുകള്‍ വേണമെന്നും വിചാരിച്ച്, മരണത്തെ പ്രതീക്ഷിക്കുന്ന പണിയെടുക്കും. പലര്‍ക്കും വഴികാട്ടിയാകുന്ന വിളക്കും വിസ്മയവുമാകും. ആയിരങ്ങള്‍ അവരുടെ കനിവിന്റെ, സ്‌നേഹത്തിന്റെ തണുപ്പറിയും. മുന്നോട്ടു നടക്കാനുള്ള ഊര്‍ജമായി ആ തണുത്ത കാറ്റ് തലമുറകളിലൂടെ പടരും. മരണത്തിനും വേര്‍പെടുത്താനാവാത്ത ഓര്‍മകളുടെ തൂവലുകളായി അരികെയിരുന്ന് തൊടും.

web desk 3: