X

രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പരാമര്‍ശം; ദീപനിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

പാലക്കാട്: കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ സംഭവത്തില്‍ അനില്‍ അക്കര എം.എല്‍.എയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനില്‍ അക്കരയുടെ പരാതി. രമ്യയെ അപമാനിച്ച ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ അനില്‍ അക്കര ആവശ്യപ്പെടുന്നു.

നേരത്തെ, ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്‍ വിമര്‍ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. ‘രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും’ എന്നാണ് അവകാശവാദം. ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം.പിയായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം എന്നിങ്ങനെ പോവുന്നു ദീപയുടെ പോസ്റ്റ്.

ദീപാ നിശാന്തിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ദീപ നടത്തിയത് വംശീയ അധിക്ഷേപമാണെന്നാണ് പ്രധാന ആരോപണം. ഇന്നസെന്റിനെയും പി.വി അന്‍വറിനെയും പോലുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ഇടതുപക്ഷത്തിനെതിരെ യാതൊന്നും പറയാത്ത ദീപ രമ്യയെ മാത്രം തെരഞ്ഞുപിടിച്ച് വിമര്‍ശിച്ചത് ദീപയുടെ സവര്‍ണബോധമാണ് കാണിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.

chandrika: