X

ആരാകും പുതിയ അവകാശി; കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ജര്‍മനി ചിലി പോരാട്ടം രാത്രി

മോസ്‌ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ഇന്ന് ജര്‍മനി ചിലി പോരാട്ടം. രാത്രി പതിനൊന്നരക്കാണ് വന്‍കരകളിലെ ചാന്പ്യന്‍പട്ടത്തിന് പുതിയ അവകാശികളെ നിര്‍ണ്ണയിക്കുന്ന കലാശപ്പോരാട്ടം. മെക്‌സിക്കോയെ തോല്‍പ്പിച്ചായിരുന്നു ജര്‍മനിയുടെ ഫൈനല്‍ പ്രവേശം. കരുത്തരായ പോര്‍ച്ചുഗലിനെ കീഴടക്കിയാണ് ചിലി കലാശപ്പോരിലെത്തിയത്. ആരാകും ചാമ്പ്യന്‍ എന്ന് സോക്കര്‍ ലോകം ഉറ്റുനോക്കുകയാണ്.

ലോക ചാന്പ്യന്മാരെന്ന പകിട്ടുമായാണ് ജര്‍മന്‍ സംഘം റഷ്യയിലെത്തിയത്. ചെറുപ്പക്കാരുടെ നിരയുമായാണ് ഇക്കുറി കോച്ച് ജോക്കിം ലോ ടീമിനെ അണിയിച്ചൊരുക്കിയത്. ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചാണ് ജര്‍മനിയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ചിലിയോട് ജര്‍മനിക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ തകര്‍ത്ത് ജര്‍മന്‍ സംഘം അവസാന നാലിലെത്തി. മെക്‌സിക്കോക്കെതിരായ സെമിയില്‍ ഒന്നിനെതിരെ നാലുഗോളിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ ടീമിന്റെ ഫൈനല്‍ പ്രവേശം.

ടിമോ വെര്‍ണര്‍, ലിയോണ്‍ ഗൊരേറ്റ്‌സ്‌ക്ക എന്നിവരുടെ ചടുല മുന്നേറ്റം തടയുക ചിലി പ്രതിരോധനത്തിന് കനത്ത തലവേദനാണ്. ടൂര്‍ണമെന്റില്‍ ഗംഭീര കളിതന്നെയാണ് ചിലി പുറത്തെടുത്തത്. കാമറൂണിനെ ഏകപക്ഷീയമായ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് തുടക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സമനിലയും ഒരു ജയമുള്‍പ്പെടെ അഞ്ച് പോയന്റ് നേടിയാണ് ടീം സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനിയെ സമനിലയിലാക്കിയത് കലാശപ്പോരാട്ടത്തിനൊരുങ്ങുന്‌പോള്‍ ചിലിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആവേശം വിതറിയ സെമിയില്‍ പോര്‍ച്ചുഗലിനെ പെനാള്‍ട്ടി ഷൂട്ടൌട്ടില്‍ മടക്കിഅയച്ചാണ് ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ ഫൈനല്‍ പ്രവേശം.

പോര്‍ച്ചുഗലിനെതിരെ നായകന്‍ ക്ലോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ സേവുകളാണ് ചിലിക്ക് ഫൈനല്‍ സമ്മാനിച്ചത്. മികച്ച ഫോമിലുളള ബ്രാവോയുടെ സാന്നിധ്യം ജര്‍മ്മന്‍ മുന്നേറ്റനിരക്ക് കനത്ത വെല്ലുവിളിയുണ്ടാക്കും. ജര്‍മന്‍ കോച്ച് ജോക്കിം ലോയും ചിലി ക്യാപ്റ്റന്‍ ബ്രാവോയും തമ്മിലുളള പോരാട്ടമാകുമെന്നാണ് രാജ്യാന്തരമാധ്യമങ്ങള്‍ പറയുന്നത്. ആര് ജയിച്ചാലും അടുത്ത ലോകകപ്പ് റഷ്യയിലായതിനാല്‍ അതുനല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും.

ഗൊരെറ്റ്‌സ്‌ക, സ്റ്റിന്‍ഡില്‍, എമ്‌റെ കാന്‍, വെര്‍ണര്‍, റുഡിഗര്‍, സെബാസ്റ്റ്യന്‍ റൂഡി തുടങ്ങിയ യുവ നിരയാണ് ജര്‍മന്‍ ടീമിന്റെ കരുത്ത്. ഒപ്പം ടീമിലെ പരിചയ സമ്പന്നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന മുസ്താഫി, ക്യാപ്റ്റന്‍ ഡ്രാക്‌സ്‌ലര്‍, ജോഷ്വ കിമ്മിച് എന്നിവരുടെ സാന്നിധ്യവും അവര്‍ക്ക് മുതല്‍കൂട്ടാണ്.

അര്‍ജന്റീന ടീമിനെ തുടര്‍ച്ചയായി രണ്ട് വട്ടം കീഴടക്കി കോപ്പ അമേരിക്ക കിരീടം നേടിയ ചിലി വലിയ മാറ്റങ്ങളില്ലാതെയാണ് പോരിനെത്തിയത്. സാഞ്ചസ്, വിദാല്‍, വര്‍ഗാസ് ത്രയം മികച്ച ഫോമിലാണ്. ഗാരി മെഡല്‍, റോഡ്രിഗസ് എന്നിവരും അവര്‍ക്ക് കരുത്താകുന്നു. ബാറിന് കീഴില്‍ ക്ലൗഡിയോ ബ്രാവോ മികച്ച കളി പുറത്തെടുക്കുന്നു. പോര്‍ച്ചുഗലിനെതിരായ സെമിയില്‍ നിര്‍ണായകമായ മൂന്ന് കിക്കുകള്‍ തടുത്തിട്ട് ചിലിയന്‍ സംഘത്തെ ഫൈനലിലേക്ക് നടത്തിയത് നായകന്റെ ജ്വലിക്കുന്ന ആത്മവിശ്വാസമായിരുന്നു. മെക്‌സിക്കോക്കെതിരായ പോരാട്ടത്തില്‍ പുറത്തെടുത്ത മികവിന്റെ ഇരട്ടി അധ്വാനമാണ് ജര്‍മന്‍ യുവ നിരയെ ഫൈനലില്‍ കാത്തിരിക്കുന്നത്. എളുപ്പം കീഴടങ്ങാന്‍ തയ്യാറാകാത്ത ചിലിയും ജര്‍മനിയും തമ്മിലുള്ള കലാശപോരാട്ടം തീപാറുമെന്നുറപ്പാണ്.

chandrika: