X
    Categories: Views

പാര്‍ലമെന്റ് സമ്മേളനം നീട്ടിവെക്കുന്നത് ജയ് ഷാ, ശൗര്യ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം നീട്ടിവെക്കുകയാണെന്ന് കോണ്‍ഗ്രസ്. അമിത് ഷായുടെയും അജിത് ഡോവലിന്റെയും മക്കള്‍ നടത്തിയ അഴിമതിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനാണ് ബി.ജെ.പി പാര്‍ലമെന്റ് സമ്മേളനം നീട്ടിക്കൊണ്ടു പോകുന്നതെന്നും ഇത് സ്വീകാര്യമല്ലെന്നും എ.ഐ.സി.സി വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു.

നവംബര്‍ മൂന്നാം വാരം മുതല്‍ ക്രിസ്മസിനു മുമ്പു വരെയാണ് സാധാരണ ഗതിയില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കാറ്. എന്നാല്‍, നവംബര്‍ രണ്ടാഴ്ച പിന്നിട്ടിട്ടും പാര്‍ലമെന്റ് വിളിച്ചുകൂട്ടാനുള്ള സൂചനയൊന്നും സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നില്ല. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് ശൈത്യകാല സെഷന്‍ നീട്ടിവെക്കുന്നത് എന്നാണ് അനൗദ്യോഗിക വിശദീകരണം.

എന്നാല്‍, ഇതാദ്യമായല്ല പാര്‍ലമെന്റ് സമ്മേളന കാലത്ത് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും അതിന്റെ പേരില്‍ സമ്മേളനങ്ങള്‍ മാറ്റിവെക്കാറില്ലെന്നും മനീഷ് തിവാരി പറഞ്ഞു: ‘ഇതാദ്യായാണോ പാര്‍ലമെന്റ് സെഷന്റെ സമയത്ത് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ വരുന്നത്? എല്ലാ വര്‍ഷവും സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകാറുണ്ട്. ഇതേവരെ പാര്‍ലമെന്റ് സെഷന്റെ ദിവസം പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ജയ് ഷാ – ശൗര്യ വിഷയങ്ങള്‍ ഉയര്‍ത്തപ്പെടുമെന്ന ഭയം കാരണമാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടുന്നതെന്നും സെഷന്‍ തന്നെ ഉപേക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കണമെന്നും സിങ്‌വി പറഞ്ഞു.

അസംബ്ലി കൂടാത്ത മോദിയുടെ ഗുജറാത്ത് മോഡല്‍ ഭരണം രാജ്യത്ത് നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഷത്തില്‍ ഒരു മാസം മാത്രമാണ് ഗുജറാത്തില്‍ അസംബ്ലി കൂടാറുള്ളതെന്നും സമാനമായ ഭരണ രീതി ദേശീയ തലത്തില്‍ കൊണ്ടുവരുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍, പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുമെന്ന ഭീതിയാണ് ബി.ജെ.പിയെ ശൈത്യ സമ്മേളനം നീട്ടിക്കൊണ്ടു പോകുന്നതിന് പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: