X

ഒ.ഐ.സി ഉച്ചകോടിയില്‍ കശ്മീര്‍ പ്രമേയം: സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്

അബുദാബിയില്‍ ചേര്‍ന്ന ഒ. ഐ.സി ഉച്ചകോടി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയത് നരേന്ദ്രമോദി സര്‍ക്കാറിന്റെ നയതന്ത്ര വീഴ്ചയാണെന്ന് കോണ്‍ഗ്രസ്. രാജ്യ താല്‍പര്യം മോദി സര്‍ക്കാര്‍ അടിയറ വെച്ചതുകൊണ്ടാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.
പാകിസ്താന്റെ നിലപാടാണ് പ്രമേയത്തിലൂടെ ഒ.ഐ.സി അംഗീകരിച്ചിരിക്കുന്നത്. അബുദാബിയില്‍ നടന്ന ഉച്ചകോടിയിലേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പ്രതിനിധിയായി അയക്കാന്‍ കഴിഞ്ഞതിനെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കശ്മീരിലെ ജനങ്ങളുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഒ.ഐ.സി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയത്. കശ്മീലെ ‘ഇന്ത്യന്‍ ഭീകരവാദ’ത്തെ അപലപിക്കുന്നതായാണ് പ്രമേത്തില്‍ പറയുന്നത്. ഇത്തരമൊരു പ്രമേയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. കശ്മീരി ജനത ഭരണകൂട പീഢനത്തിന് വിധേയരാകുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടലിന് വഴിയൊരുക്കാനുമുള്ള പാക് നീക്കങ്ങളാണ് ഇതിലൂടെ വിജയിച്ചിരിക്കുന്നത്. ഇത്തരമൊരു നീക്കത്തെ പ്രതിരോധിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും തിവാരി ആരോപിച്ചു.
കഴിഞ്ഞ വര്‍ഷമാണ് കശ്മീരില്‍ ഏറ്റവുമധികം അക്രമങ്ങളും കൊലപാതകങ്ങളും നടന്നതെന്നും ജനതയുടെ മനുഷ്യാവകാശങ്ങള്‍ തടയുകയാണെന്നുമാണ് ഒ.ഐ.സി ഉച്ചകോടിയില്‍ അവതരിപ്പിച്ച പ്രമേയം ആരോപിക്കുന്നത്. കശ്മീരില്‍ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ പ്രവേശിക്കാന്‍ ഇന്ത്യന്‍ അനുവദിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും പ്രമേയത്തിലുണ്ട്. ഒ.ഐ.സി ഉച്ചകോടിയില്‍ മോദി സര്‍ക്കാര്‍ രാജ്യ താല്‍പര്യം അടിയറ വച്ചതിന്റെ പ്രതിഫലനമാണ് ഇത്തരമൊരു പ്രമേയമെന്ന് മനീഷ് തിവാരി കുറ്റപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഒ.ഐ.സി ഉച്ചകോടിയിലേക്ക് അയച്ചത് മോദി സര്‍ക്കാറിന്റെ നയതന്ത്ര അബദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും ആരോപിച്ചു. വിദേശകാര്യമന്ത്രിയെ ഉച്ചകോടിക്ക് അയച്ചതില്‍ പ്രധാനമന്ത്രി മറുപടി പറയണം. ഇന്ത്യക്കെതിരെയുള്ള നിന്ദ്യമായ അധിക്ഷേപങ്ങള്‍ കേള്‍ക്കാനാണോ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയെ ഒ.ഐ.സിയിലേക്ക് അയച്ചതെന്ന് സുര്‍ജേവാല ചോദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: