X

യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഒന്നിച്ചേക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സമാജ് വാദിപാര്‍ട്ടിയും ഒന്നിക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസ്സിന്റെ തന്ത്രമാണ് സമാജ് വാദിയുമായി ഒരുമിക്കാന്‍ ആലോചിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ നിലപാട് പുന:പരിശോധിക്കുന്നത് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടിയുമായി ഒന്നിച്ച് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായി ഇന്നലെ രാഹുല്‍ഗാന്ധിയും എംഎല്‍എമാരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സമാജ് വാദി പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായം അന്വേഷിക്കാന്‍ രാഹുല്‍ എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ സഖ്യത്തിന് എംഎല്‍എമാര്‍ സമ്മതം അറിയിച്ചുവെങ്കിലും മറ്റു തീരുമാനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഒറ്റക്ക് മല്‍സരിക്കുകയാണെങ്കില്‍ 2017-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റീത്ത ബഹുഗുണ ജോഷിയും അവരെ പിന്തുണക്കുന്ന വരും ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പുതിയ സഖ്യത്തിന് തയ്യാറെടുക്കുന്നത്. സംസ്ഥാനത്ത് സമാജ് വാദിപാര്‍ട്ടി ഭരണം തുടരുമ്പോഴും ബിജെപി ശക്തമായ മുന്നേറ്റത്തിന് ശ്രമിക്കുന്നുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ കേന്ദ്രം സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ തിരിച്ചടിച്ചതും ജനങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിന് മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങളാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ പുതിയ സഖ്യത്തിന് പ്രേരിപ്പിക്കുന്നത്.

Web Desk: