X

പൊലീസിനെ കുഴക്കി ഡിജിപിയുടെ ‘ഡോഗ് സ്വകാഡ്’

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊലീസിന് തലവേദനയാകുന്നു. വിദഗ്ധ പരിശീലനത്തിലൂടെ കേസന്വേഷണത്തിനും സ്റ്റേഷന്‍ കാവലിനും നിയോഗിക്കാനായി നല്‍കിയ തെരുവുനായ്ക്കളെ വളര്‍ത്താനാകാത്തതാണ് പൊലീസിനു വെല്ലുവിളിയാകുന്നത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈയെടുത്താണ് അഞ്ചു പൊലീസ് സ്റ്റേഷനുകളിലേക്ക് തെരുവ്‌നായ്ക്കളെ നല്‍കിയത്. പാറശാല, പാലോട്, വിതുര, പൂവാര്‍, പള്ളിക്കല്‍ സ്റ്റേഷനുകളിലായിരുന്നു ആദ്യഘട്ടം എന്ന നിലക്ക് ഇത് നടപ്പിലാക്കിയത്. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്ത് ഒന്നാകെ ഇത് നടപ്പാക്കുന്നതോടെ തെരുവുനായ ശല്യം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. എന്നാല്‍ ഇത്തരം നായകളെ പരിചരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുഴയുകയാണ് പൊലീസുകാര്‍.

ഭക്ഷണം നല്‍കാനുള്ള പാത്രവും കെട്ടിയിടുന്നതിനുള്ള തുടലും മാത്രമാണ് നായ്ക്കള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. പൊലീസുകാര്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണം നല്‍കിയാണ് ഇപ്പോള്‍ നായ്ക്കളെ പരിചരിക്കുന്നത്. പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയാകാത്തത് പൊലീസുകാരെ വലക്കുന്നു. കൂട് ഇല്ലാത്തതിനാല്‍ സ്റ്റേഷനിലെത്തുന്നവരെയും നായ്ക്കള്‍ ശല്യം ചെയ്യുന്നതായാണ് വിവരം. മലയിന്‍കീഴ്, നേമം, പഴവങ്ങാടി മേഖലകളില്‍ നിന്ന് പിടികൂടിയ നായ്ക്കളെയാണ് പൊലീസ് സ്റ്റേഷനു കൈമാറിയത്. മൂന്നു മുതല്‍ ഏഴു മാസം വരെ പ്രായമുള്ള ഇവക്ക് പേട്ട മൃഗാശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നുണ്ടെങ്കിലും കൃത്യമായ ഭക്ഷണം ലഭിക്കാത്തതിനാല്‍ ആരോഗ്യം ക്ഷയിക്കുന്ന അവസ്ഥയിലാണ്.

Web Desk: