X

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനാണോയെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനങ്ങളും ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനാണോ അരുണ്‍ ഗോയല്‍ രാജി വെച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.

മോദി സര്‍ക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്‌നങ്ങളാണോ രാജിക്ക് പിന്നിലെന്ന് അദ്ദേഹം ചോദിച്ചു. ഇതൊന്നുമല്ലെങ്കില്‍ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണോ രാജിവെച്ചതെന്ന് ഗോയല്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ അരുണ്‍ ഗോയല്‍ രാജിവെച്ചത് ആശങ്കാജനകമാണെന്നാണ് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലൊരു ഭരണഘടനാ സ്ഥാപനം സുതാര്യതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സിലൂടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിയോജിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് വിവിധ അന്വേഷണങ്ങള്‍ നേരിടേണ്ടി വന്നു. ജനാധിപത്യത്തെ നശിപ്പിക്കാനാണ് ഭരകൂടത്തിന്റെ ശ്രമം എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്’, കെ. സി. വേണുഗോപാല്‍ പറഞ്ഞു.
2027 വരെ കാലാവധി ഉണ്ടായിരുന്നിട്ടും വളരെ അപ്രതീക്ഷിതമായാണ് അരുണ്‍ ഗോയല്‍ ശനിയാഴ്ച രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ രാജിയുടെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

webdesk13: