X

മോദിയെ തിരിഞ്ഞു കുത്തി പ്രസംഗം; കുറഞ്ഞത് പത്രമെങ്കിലും വായിക്കാന്‍ പ്രധാനമന്ത്രിയോട് സോഷ്യല്‍മീഡിയ

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരിഞ്ഞുകുത്തി അദ്ദേഹത്തിന്റെ തന്നെ പ്രസംഗം. കോണ്‍ഗ്രസ് രാജ്യരക്ഷകരായ സൈനികരെ അവമതിക്കുകയാണെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമത്തിനിടെയാണ് മോദിക്കു വിനയായത്.

ചരിത്ര വസ്തുത തെറ്റായി വ്യാഖ്യാനിച്ച് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ശ്രമിച്ച മോദിക്കെതിരെ രൂക്ഷമായ പരിഹാസമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്. ഇന്നലെ ബെല്ലാരിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മോദിക്ക് അബദ്ധം പിണഞ്ഞത്. ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മോദി കുറഞ്ഞത് ദിവസേന പത്രമെങ്കിലും വായിക്കണമെന്നാണ് സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നത്.

സൈനികരെ അവമതിക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകക്കാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോടും ജനറല്‍ തിമ്മയ്യയോടും കാണിച്ചതെന്നതാണെന്നു ചരിത്രത്തിലുണ്ടെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. ‘ജനറല്‍ തിമ്മയ്യക്കു കീഴില്‍ 1948ല്‍ നമ്മള്‍ ഇന്ത്യ-പാക് യുദ്ധം ജയിച്ചു. എന്നാല്‍ യുദ്ധത്തിനു ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനും ജനറല്‍ തിമ്മയ്യയെ തുടര്‍ച്ചയായി അവമതിക്കാനാണ് ശ്രമിച്ചത്. ഇതാണ് തിമ്മയ്യ രാജിവെക്കാന്‍ കാരണം’, മോദി പറഞ്ഞു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഈ വസ്തുത അറിയാതെയാണ് മോദി പ്രസംഗിച്ചത്. എഴുതി കൊടുത്ത പ്രസംഗം വസ്തുത പരിശോധിക്കാതെ മോദി അപ്പാടെ വായിക്കുകയായിരുന്നു. 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്. 1948ല്‍ വി.കെ കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല.

1947 മുതല്‍ 1952 വരെ യു.കെയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു അദ്ദേഹം. 1957 മുതല്‍ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നിത്. മോദി പറഞ്ഞ 1948ല്‍ ബല്‍ദേവ് സിങായിരുന്നു പ്രതിരോധമന്ത്രിയെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നു.

ചരിത്രം അറിയണമെങ്കില്‍ ദിവസവും പത്രം വായിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പരിഹസിച്ചു. അതേസമയം, പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നല്‍കാന്‍ താന്‍ സന്നദ്ധനാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ വിഷ്ണുസോമിന്റെ പ്രതികരണം. നേരത്തെ അഴിമതി കേസില്‍ ഉള്‍പ്പെട്ട ബെല്ലാരി സഹോദരന്മാര്‍ക്കൊപ്പം വേദി പങ്കിട്ടത് വിവാദമായിരുന്നു.

chandrika: