X
    Categories: indiaNews

‘ബിഹാര്‍’ ആവര്‍ത്തിക്കരുത്; ബംഗാളില്‍ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസും സിപിഎമ്മും

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരുമുഴം മുമ്പെ പ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസും സിപിഎമ്മും. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ക്കായി അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും മത്സര രംഗത്തുള്ളതാണ് ഇരുപാര്‍ട്ടികളെയും ഉണര്‍ത്തിയത്. ബിഹാറില്‍ അഞ്ചു സീറ്റാണ് എഐഎംഐഎം നേടിയിരുന്നത്.

വിഷയം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച രാത്രി യോഗം ചേര്‍ന്നു. ചര്‍ച്ച രണ്ടു മണിക്കൂറിലേറെ നീണ്ടു.

‘ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള മത-സാമൂഹിക നേതാക്കളുമായി പാര്‍ട്ടി പ്രത്യേകം ചര്‍ച്ച നടത്തും. ഡിസംബര്‍ 18ലെ ദേശീയ ന്യൂനപക്ഷ ദിനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ നടത്തും. വിശദമായ പദ്ധതി തയ്യാറാക്കി വരികയാണ്’ – യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

യോഗത്തിന് മുമ്പ് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും സിപിഎം നേതാവ് അബ്ദുല്‍ മന്നാനും സമുദായ നേതാവ് ത്വാഹ സിദ്ദീഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അധിര്‍ ചൗധരി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ് എന്ന് ആരോപിച്ചു.

2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ജയിച്ച 76ല്‍ 34 സീറ്റിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ചും മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര ദിനാജ്പൂര്‍ ജില്ലകളില്‍. ഈ ജില്ലകളിലാണ് എഐഎംഐഎം കണ്ണുവച്ചിട്ടുള്ളതും.

ബംഗാളിലെ മുസ്‌ലിം വോട്ടു ബാങ്ക്

ബിഹാറിലെ സീമാഞ്ചലിന് സമാനമായ സാമുദായിക പശ്ചാത്തലമാണ് പശ്ചിമബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളും ഏറെ. മുര്‍ഷിദാബാദ് 66.20%, മാള്‍ഡ 51.30%, ഉത്തരദിനാജ്പൂര്‍ 50%, ദക്ഷിണബംഗാളിലെ ബീര്‍ഭൂം 37%, സൗത്ത് 24 പര്‍ഗാനാസ് 35.6% എന്നിങ്ങനെയാണ് ഈ ജില്ലകളിലെ മുസ്‌ലിം ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 27.01% ശതമാനമാണ് പശ്ചിമബംഗാളിലെ മൊത്തം മുസ്‌ലിം ജനസംഖ്യ. സംസ്ഥാനത്തെ 294ല്‍ 120 സീറ്റുകളിലും മുസ്‌ലിംകള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.

ഈ ജില്ലകളിലെ നാലോ അഞ്ചോ സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമാണ് മുസ്‌ലിംകള്‍ വോട്ടു ചെയ്യാറുള്ളത്. മുര്‍ഷിദാബാദില്‍ മേധാവിത്വം കോണ്‍ഗ്രസിനാണ് എങ്കില്‍ മറ്റിടത്തെല്ലാം തൃണമൂല്‍ കോണ്‍ഗ്രസാണ്. ഉവൈസിയുടെ പാര്‍ട്ടി കൂടി ഗോദയില്‍ എത്തുന്നതോടെ ഈ വോട്ടുകളില്‍ വിള്ളലുകള്‍ വീഴുമെന്ന് തീര്‍ച്ച.

ബിജെപിയുടെ വരവ്

ഇതുവരെ കുമ്പിളില്‍ ഒതുങ്ങാത്ത സംസ്ഥാനമാണ് ബിജെപിക്ക് പശ്ചിമബംഗാള്‍. ഇത്തവണ ഏതുവിധേനയും ബംഗാള്‍ പിടിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടു ഭിന്നിപ്പിക്കാന്‍ വേണ്ട എല്ലാ അടവുകളും ബിജെപി പയറ്റുമെന്ന് ഉറപ്പ്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം പാസാക്കുക തന്നെ ചെയ്യുമെന്ന് ഈയിടെ ആഭ്യന്തര മന്ത്രി അമിത് ബംഗാളിലെത്തി പ്രഖ്യാപിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അക്കാര്യം വ്യക്തമാക്കിയിരുന്നു. സിഎഎയും എന്‍ആര്‍സിയും ബംഗാള്‍ പ്രചാരണത്തെ പിടിച്ചു കുലുക്കുന്ന ഒന്നായി മാറും എന്നതില്‍ സംശയമില്ല.
മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുക എന്നതില്‍ സംശയമില്ല. നഷ്ടമുണ്ടാക്കുന്നത് മമത ബാനര്‍ജിക്കും. കോണ്‍ഗ്രസും ഇടതുപക്ഷവും പൊതുവെ ദുര്‍ബലരാണ് താനും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 18 സീറ്റുകളില്‍ ഏഴെണ്ണം വടക്കന്‍ ബംഗാള്‍ ജില്ലകളില്‍ നിന്നാണ്. ഇതില്‍ ഉത്തര്‍ദിനാജ്പൂരിലെ റായ്ഗഞ്ച്, മാള്‍ഡയിലെ വടക്കന്‍ മാള്‍ഡ, സൗത്ത് ദിനാജ്പൂരിലെ ബേലൂര്‍ഘട്ട് എന്നിവ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.

 

 

Test User: